റോഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നൂതന സംവിധാനവുമായി സൗദി
text_fieldsറിയാദ്: രാജ്യത്തെ റോഡുകളുടെ തകരാറുകൾ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങൾ പതിക്കാനും നൂതന മൊബൈൽ സാങ്കേതിക സംവിധാനം. ഇത്തരത്തിലൊരു സംവിധാനം ഉപയോഗിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ രാജ്യമാകുകയാണ് സൗദി അറേബ്യ. റോഡ്സ് ജനറൽ അതോറിറ്റിയാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ മികവുറ്റ നിലയിൽ നടത്തുകയും റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
റോഡുകളുടെ ഗുണനിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. ഒപ്പം റോഡിൽ ആവശ്യമായ ട്രാഫിക് അടയാളങ്ങൾ പതിക്കാനും ഈ യന്ത്രത്തിന് കഴിയും. ഉയർന്ന റെസല്യൂഷനിലുള്ള കാമറ വഴിയാണ് റോഡ് പരിശോധിക്കുക. ലൊക്കേഷൻ നിർണയത്തിനായി ഉപകരണത്തിൽ ജി.പി.എസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിൽ ഘടിപ്പിച്ച് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിച്ച് ആവശ്യമായ ജോലികൾ നിർവഹിക്കാൻ ഈ ഉപകരണത്തിന് കഴിയും. റോഡിൽ ആവശ്യമായ അടയാളങ്ങൾ ഇങ്ങനെ പതിക്കുകയും ചെയ്യും.
റോഡ് അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അപകടസാധ്യത കാര്യമായി കുറക്കുകയും ചെയ്യും. അറ്റകുറ്റപ്പണികളുടെ കാര്യക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കുകയും ചെലവുകുറക്കുകയും റോഡ് അടയാളങ്ങൾ പുതുക്കുകയും ചെയ്യും. രാജ്യത്തെ മുഴുവൻ റോഡുകളുടെയും ഗുണനിലവാരം, സുരക്ഷ, ഗതാഗത സാന്ദ്രത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്നും റോഡ്സ് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.