‘ഇവന്‍റുകൾ’ക്കായി നിക്ഷേപ നിധി ആരംഭിച്ച് സൗദി അറേബ്യ
text_fieldsജിദ്ദ: സൗദിയിൽ സംസ്കാരിക, കായിക, വിനോദ പരിപാടികൾക്കായി ഒരു സ്ഥിരം നിക്ഷേപ നിധി ആരംഭിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ‘ഇവൻറ്സ് ഇൻവെസ്റ്റ്മെൻറ് ഫണ്ട്’ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. സാംസ്‌കാരികം, വിനോദ സഞ്ചാരം, വിനോദം, കായികം എന്നീ നാല് മേഖലകളെ ശാക്തീകരിക്കും വിധം സുസ്ഥിര അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം. ഈ രംഗങ്ങളിൽ സ്വകാര്യ മേഖലയുടെ പരമാവധി പങ്കാളിത്തം കെട്ടിപ്പടുക്കുക, വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുക, സമ്പന്നമായ സമ്പദ്‌വ്യവസ്ഥയും ഊർജ്ജസ്വലമായ സമൂഹവും കെട്ടിപ്പടുക്കുന്നതിന് ‘വിഷൻ 2030’ ലക്ഷ്യപ്രാപ്തിക്കായി ആവശ്യമായ വിഭവസമാഹരണം തുടങ്ങിയവയാണ് ഫണ്ടിെൻറ വിശാല ലക്ഷ്യങ്ങൾ.
2030ഓടെ രാജ്യത്തുടനീളം 35 ലധികം കൃത്യമായ സ്ഥലങ്ങൾ നിർണയിച്ച് വിനോദം, വിനോദസഞ്ചാരം, സാംസ്കാരികം, കായികം എന്നിവയുടെ ആവശ്യത്തിനായി അടിസ്ഥാന സൗകര്യമൊരുക്കുന്നതിലാണ് ഫണ്ട് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെയാണ് ഇത് നടപ്പാക്കുക. അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെ ഈ മേഖലകളെ വിവിധ പ്രവർത്തനങ്ങൾക്കും ഇവൻറുകൾക്കുമുള്ള ആഗോള കേന്ദ്രമാക്കാനും അതിലൂടെ രാജ്യത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്താനും കഴിയുമെന്നും ഫണ്ട് പ്രതീക്ഷിക്കുന്നു.
ദേശീയ അഭിലാഷങ്ങൾ നിറവേറ്റുന്ന വിശിഷ്ട പരിപാടി അവതരിപ്പിക്കാൻ ഇത് അവസരം നൽകും. സുസ്ഥിരമായ സാമ്പത്തിക വരുമാനം കൈവരിക്കുന്നതിന് സംഭാവന ചെയ്യും. എണ്ണയിതര വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയും വിനോദസഞ്ചാര മേഖല ജി.ഡി.പിയിലേക്ക് നൽകുന്ന സാമ്പത്തിക സംഭാവന മൂന്ന് ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തുകയും 2030 ഓടെ 10 കോടി സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും ഇതിലൂടെ സാധിക്കും.
ആർട്ട് ഗാലറികൾ, തിയേറ്ററുകൾ, കോൺഫറൻസ് സെൻററുകൾ, കുതിരപ്പന്തയ ട്രാക്കുകൾ, ഷൂട്ടിങ് റേഞ്ചുകൾ, ഓട്ടോ റേസിങ് എന്നിവ നിർമിക്കൽ ഈ പദ്ധതികളിൽ ഉൾപ്പെടും. ആദ്യ പദ്ധതി ഈ വർഷം തന്നെ ആരംഭിക്കും. അന്താരാഷ്ട്ര കമ്പനികൾക്കും ബാങ്കുകൾക്കുമായി നേരിട്ടുള്ള നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കും. 2045ഓടെ 2,800 കോടി റിയാലിന് തുല്യമായ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് സംഭാവന ചെയ്യുന്നതിലും ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കും. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെയും ബിസിനസിന്റെയും ചക്രവാളങ്ങൾ തുറക്കാനും മെച്ചപ്പെടുത്തുന്നതിനും സഹായകമായ അന്തരീക്ഷം സാധ്യമാക്കും. പൗരന്മാർക്ക് തൊഴിലവസരങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.