ദുബൈ എക്സ്പോ സമാപിച്ചു; 2030 ലെ വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാൻ പ്രതീക്ഷയോടെ സൗദി
text_fieldsയാംബു : ആഗോള തലത്തിൽ ശ്രദ്ധേയമായി മാറിയ ദുബൈ എക്സ്പോ തിങ്കളാഴ്ച സമാപിച്ചപ്പോൾ ഇനി 2030 ൽ വരാനിരിക്കുന്ന വേൾഡ് എക്സ്പോക് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ സൗദി. അന്താരാഷ്ട്ര ബ്യൂറോ ഓഫ് എക്സിബിഷൻസ് (ബി.ഐ.ഇ) ആണ് വേദി ഒരുക്കാനുള്ള രാജ്യം തെരഞ്ഞെടുക്കുന്നത്. അഞ്ച് രാജ്യങ്ങളാണ് ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇറ്റലി, യുക്രെയ്ൻ, റഷ്യ എന്നീ അഞ്ച് രാജ്യങ്ങളാണ് ആറുമാസം നീളുന്ന ഈ ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കാൻ നേരത്തേ അപേക്ഷ നൽകിയത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ 2023 അവസാനത്തോടെ പൂർത്തിയാക്കും. സാംസ്‌കാരിക വൈവിധ്യം, പരിസ്ഥിതി, പൈതൃകം, സാമൂഹിക സാമ്പത്തിക രംഗം എന്നിവയിലെ ആഗോള മാറ്റങ്ങളാണ് എക്സ്പോയിൽ അവതരിപ്പിക്കുക.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 രാജ്യത്തുണ്ടാക്കിയ വമ്പിച്ച വിപ്ലവം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ പശ്ചാത്തലത്തിൽ കൂടിയാണ് സൗദി അന്താരാഷ്ട്ര എക്സ്പോ ബ്യൂറോക്ക് ആദ്യമായി അപേക്ഷ നൽകിയത്. 2030 ആകുമ്പോഴേക്കും സൗദി സർവമേഖലയിലും സമ്പൂർണ മാറ്റം നടപ്പാക്കുന്ന ഒരു രാജ്യമായി മാറും .ആഗോള ലോജിസ്റ്റിക്സ് ഹബ്ബായും ആഗോള കമ്പനികളുടെ പ്രാദേശിക ആസ്ഥാനമായും ആഗോളതലത്തിലെ പ്രധാന ടൂറിസ്റ്റ് രാജ്യമായും സൗദിയെ പരിവർത്തിപ്പിക്കും. ഈ പശ്ചാത്തലവും ചൂണ്ടിക്കാട്ടി എക്സ്പോക് വേദിയാകാൻ സൗദി അപേക്ഷ നൽകിയതിനാൽ പരിഗ ണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം. റിയാദിൽ വേൾഡ് എക്സ്പോ 2030 നടത്താനുള്ള താൽപര്യം വെളിപ്പെടുത്തി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപനം നടത്തിയിരുന്നു
ലോകത്തെ വിസ്‌മയിപ്പിച്ച ദുബൈ എക്സ്പോ നഗരിയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയ പവിലിയനിലൊന്ന് സൗദിയുടേതായിരുന്നു.4.8 ദശലക്ഷത്തിലധികം പേർ സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്ക്. സൗദിയുടെ സമ്പന്നമായ ചരിത്രത്തെയും സംസ്കാരത്തെയും പ്രകൃതിയിലെ വിസ്മയ കാഴ്ചകളും പ്രദർശിപ്പിച്ച് ആറ് നിലകളിലായി ഒരുക്കിയ പ്രത്യേക പവിലിയൻ ഏറെ ശ്രദ്ധേയമായിരുന്നു. 13,069 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ പവിലിയൻ രണ്ട് ഫുട്ബാൾ ഗ്രൗണ്ടുകൾക്ക് തുല്യമായിരുന്നു. സൗദി പവിലിയന്റെ ഹൃദയ ഭാഗത്തായിരുന്നു സുസ്ഥിരതയുടെ സന്ദേശം ജനങ്ങൾക്കെത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാനം പിടിച്ചിരുന്നത്. സൗദി സംരംഭകരിൽ നിന്ന് ഉൽപാദിപ്പിച്ച 650 സോളാർ പാനലുകൾ ഉൾക്കൊള്ളുന്ന ഘടനയിലായിരുന്നു പവിലിയൻ രൂപകൽപന ചെയ്തിരുന്നത് .ദുബൈ എക്സ്പോ 2020 മുന്നോട്ടുവെക്കുന്ന 'മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക' എന്ന തീം അനുസരിച്ച് സൗദിയിലെ 13 പ്രവിശ്യകളിലെ അത്ഭുതങ്ങളുടെ ഗൈഡഡ് ടൂറും സന്ദർശകർക്ക് സൗദി പവലിയൻ ഒരുക്കിയതും വേറിട്ട ദൃശ്യങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.