ദാവോസിൽ സൗദി അറേബ്യ: ഗസ്സയിലെയും ചെങ്കടലിലെയും ആക്രമണം ഇല്ലാതാക്കണം
text_fields
ജിദ്ദ: ഗസ്സയിലെയും ചെങ്കടലിലെയും സൈനികാക്രമണങ്ങൾ ഒഴിവാക്കുന്നതിനാണ് സൗദി അറേബ്യയുടെ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. സ്വിസ് നഗരമായ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലെ സംവാദ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. ചെങ്കടലിലെ സംഘർഷങ്ങളെയും പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷയെയും കുറിച്ച് സൗദിയുടെ ആശങ്ക അദ്ദേഹം ഫോറത്തിൽ പ്രകടിപ്പിച്ചു.
പ്രാദേശിക സുരക്ഷയിലും ചെങ്കടലിലെ കപ്പൽസഞ്ചാര സ്വാതന്ത്ര്യത്തിലും രാജ്യതാൽപര്യം മന്ത്രി ഊന്നിപ്പറഞ്ഞു. ചെങ്കടലിലെ സൈനിക നടപടി ഇല്ലാതാക്കുന്നതിന് മുൻഗണന നൽകണം. ഗസ്സയിലെ യുദ്ധം മേഖലയാകെ വലിയ അപകടങ്ങളിലേക്കാണ് വലിച്ചിഴക്കുന്നത്. ചെങ്കടലിലെ ആക്രമണങ്ങൾ ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ടതാണ്. യുദ്ധവും തീവ്രതയും തടയുന്നതിനുള്ള സൂചന ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ല. സൈനികമുന്നേറ്റം കുറക്കുന്നതിനുള്ള പാത കണ്ടെത്തുകയെന്നതാണ് ഞങ്ങളുടെ മുൻഗണന. ഇത് ഗസ്സയിലെ യുദ്ധം നിർത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ കാര്യങ്ങൾ ചെയ്യണം. ഗസ്സയിൽ തുടരുന്ന പ്രതിസന്ധി കൂടുതൽ സൈനിക നടപടികളിലേക്ക് നയിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്രായേലിന്റെ സുരക്ഷ ഫലസ്തീനികൾക്ക് അവരുടെ രാഷ്ട്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മേഖലയുടെ സമാധാനമെന്നാൽ ഇസ്രായേലിനുള്ള സമാധാനം കൂടി അതിൽ ഉൾപ്പെടും. പക്ഷേ അത് ഫലസ്തീനികൾക്കുള്ള സമാധാനത്തിലൂടെയും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും മാത്രമേ സംഭവിക്കൂ.
സമാധാനത്തിലേക്കുള്ള ആദ്യപടി ഗസ്സയിൽ എല്ലാ കക്ഷികളും വെടിനിർത്തലാണ്. ഗസ്സയിൽ മരിച്ചവരുടെ എണ്ണം ഏകദേശം 30,000 ആയി. മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നു. ഫലസ്തീൻ അതോറിറ്റിയെ ശാക്തീകരിക്കുകയും മേഖലയിൽ സമാധാനത്തിലേക്കുള്ള പാത അനുവദിക്കുകയും ചെയ്യുന്ന പ്രക്രിയക്ക് വഴിയൊരുക്കുന്നുവെങ്കിലും ഇസ്രായേൽ ഇപ്പോൾ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കുമുള്ള സാധ്യതകളെ അപകടത്തിലാക്കുംവിധമാണ് പ്രവർത്തിക്കുന്നത്. ശാശ്വതവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള തുടക്കമാണ് വെടിനിർത്തൽ. ഫലസ്തീൻ ജനതക്ക് യഥാർഥ നീതി കണ്ടെത്തുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.