കോവിഡ് വ്യാപനം; അനിവാര്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കണമെന്ന് സൗദി പൊതു ആരോഗ്യ അതോറിറ്റി
text_fieldsജിദ്ദ: അനിവാര്യമല്ലാത്ത വിദേശയാത്രകൾ എല്ലാവരും ഒഴിവാക്കണമെന്ന് നിർദേശം. കോവിഡ് രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവും പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവും ലോകത്തെ പല രാജ്യങ്ങളിലും വ്യാപിക്കുന്ന സാഹചര്യത്തിലാണ് സൗദി പൊതു ആരോഗ്യ അതോറിറ്റി (വിഖായ) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അനിവാര്യമല്ലാത്ത യാത്ര എല്ലാവരും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് കോവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഒമിക്രോണിന്റെ വ്യാപനം കൂടിയതോടെ ചില രാജ്യങ്ങൾ പ്രതിരോധ നടപടികൾ കർശനമാക്കാനും ചില സാമൂഹിക പരിപാടികൾ നിർത്തിവെക്കാനും തീരുമാനിച്ച കാര്യവും അതോറിറ്റി സൂചിപ്പിച്ചു.
അതോടൊപ്പം രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ വാക്സിനെടുത്തവരാണെങ്കിലും അഞ്ച് ദിവസത്തേക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കുന്നത് നന്നായിരിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ശരീരോഷ്മാവ് കൂടുകയോ ചെയ്താൽ വേഗം കോവിഡ് പരിശോധന നടത്തണം.
സൗദിയിലേക്ക് വരുന്നവർ മാസ്ക് ധരിക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ അകന്ന് നിൽക്കുക, നിരന്തരം കൈകൾ വൃത്തിയാക്കുക, ഹസ്തദാനം നടത്താതിരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ തുടരണം. രണ്ടാം ഡോസിന്റെയും ബൂസ്റ്റർ ഡോസിന്റെയും പ്രധാന്യവും പൊതു ജനാരോഗ്യ അതോറിറ്റി ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.