ധാതുഖനനത്തിന് ആഗോള ഖനനകമ്പനികളെ ക്ഷണിച്ച് സൗദി അറേബ്യ
text_fieldsഅൽഖോബാർ: സൗദിയിലെ വിപുലമായ ധാതുസമ്പത്ത് പര്യവേഷണം ചെയ്യുന്നതിന് ആഗോള ഖനന കമ്പനികൾക്ക് ക്ഷണം. 4,788 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും അഞ്ച് പുതിയ പര്യവേഷണ മേഖലകൾ ഉൾപ്പെടെയുള്ളതുമായ രാജ്യത്തെ ഏറ്റവും വലിയ ധാതുമേഖലയിൽ ഖനനം ചെയ്യുന്നതിനാണ് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം ഈ രംഗത്തെ വിദഗ്ധ കമ്പനികളെ ക്ഷണിക്കുന്നത്.
ഖനന, ധാതുമേഖലയെ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം അടിവരയിടുന്നതെന്ന് വക്താവ് ജറാഹ് അൽ ജറാഹ് പറഞ്ഞു.
വികസിത അടിത്തറയും വിലയേറിയ ലോഹ ഖനികളുമുള്ള ഇവിടെ ഖനനത്തിന് ഉയർന്ന മൂല്യമുള്ള കമ്പനികളെയാണ് ലക്ഷ്യമിടുന്നത്. പര്യവേഷണ ലൈസൻസുള്ള 1,000 ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഖനനം ചെയ്യാൻ ശേഷിയുള്ള നിക്ഷേപകരെയാണ് ആവശ്യം.
2,892 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സയാദ് പർവതനിരയിൽ ചെമ്പ്, സിങ്ക്, ലെഡ്, സ്വർണം, വെള്ളി എന്നിവയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1,896 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അൽ ഹജ്ജാർ വാദി ശ്വാസ് മേഖലയിൽ സ്വർണം, വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ നിക്ഷേപമുണ്ട്. ജബൽ സയാദും അൽ-ഹജ്ജാറും രാജ്യം ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ധാതുമേഖലകളാണെന്ന് അൽ ജറാഹ് എടുത്തുപറഞ്ഞു.
ജിദ്ദയുടെ വടക്കുകിഴക്കും മദീനയുടെ കിഴക്കുമായി വ്യാപിച്ചുകിടക്കുന്ന ജബൽ സയാദ് മേഖലയിൽ ജബൽ സയ്യിദ്, മഹദ് അൽ ദഹബ് മൈൻസ് എന്നീ പേരുകളിൽ ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പര്യവേഷണത്തിന് കാര്യമായ സാധ്യതകൾ പ്രദാനം ചെയ്യുന്ന ഉമ്മദ് ദമർ മേഖലയിൽ ഇപ്പോഴും ഖനനം ആരംഭിച്ചിട്ടില്ല.
അസീറിലെ അൽ ഹജ്ജർ മേഖലയിൽ മുമ്പ് പ്രതിവർഷം 40,000 ഔൺസ് സ്വർണം ഖനനം ചെയ്തെടുത്തിരുന്നു. ഈ പ്രദേശം സമ്പന്നമായ സ്വർണം, ചെമ്പ്, സിങ്ക് നിക്ഷേപങ്ങൾക്ക് പേരുകേട്ടതാണ്. ഈ വർഷം ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പുതിയ ഖനന കമ്പനികൾക്കായി ബിഡിങ് പ്രക്രിയ നടക്കുന്നത്.
സുതാര്യവും ഘട്ടംഘട്ടവുമായാണ് ഇത് നടക്കുക. യോഗ്യതയുള്ള കമ്പനികൾക്ക് ലൈസൻസും സാങ്കേതിക നിർദേശങ്ങളും സാമൂഹികവും പരിസ്ഥിതി ആഘാത മാനേജ്മെൻറ് പ്ലാനുകളും സമർപ്പിക്കും. അടുത്ത ജനുവരിയിൽ പര്യവേഷണം ആരംഭിക്കാൻ കഴിയും.
ഡ്രില്ലിങ്, ടെസ്റ്റിങ്, ജിയോ സയൻറിഫിക് പഠന ചെലവുകളുടെ 25ശതമാനം വരെ ഉൾക്കൊള്ളുന്ന എക്സ്പ്ളോറേഷൻ എനേബിൾമെൻറ് പ്രോഗ്രാം (ഇ.ഇ.പി) വഴി ലേലക്കാരെ മന്ത്രാലയം സഹായിക്കും.
ധാതുനിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട എല്ലാ ജിയോളജിക്കൽ ഡേറ്റയും മന്ത്രാലയം ‘താദീൻ’ പോർട്ടലിൽ ലഭ്യമാക്കും. ലേലത്തിൽ പങ്കെടുക്കുന്ന എല്ലാ കമ്പനികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കും. ഈ സംരംഭം ദേശീയ ജിയോളജിക്കൽ ഡേറ്റാബേസ് മെച്ചപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സുസ്ഥിര സാമ്പത്തിക വളർച്ചയെ പിന്തുണക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.