‘നിയോമി’ലേക്ക് യുവ സംരംഭകരെ ക്ഷണിച്ച് സൗദി അറേബ്യ
text_fieldsറിയാദ്: ന്യൂഡൽഹിയിൽ നടന്ന ജി20 യുവ സംരംഭക സഖ്യത്തിന്റെ (വൈ.ഇ.എ) ഉച്ചകോടിയിൽ ‘നിയോം’ അടക്കമുള്ള പദ്ധതികളിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് സൗദി അറേബ്യ. നിക്ഷേപകർക്ക് സാമ്പത്തിക പിന്തുണ അടക്കം വാഗ്ദാനം ചെയ്ത സൗദി പ്രതിനിധി സംഘം ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ 45 ലധികം രാജ്യങ്ങളിൽനിന്നുള്ള യുവ സംരംഭകരോട് ആഹ്വാനം ചെയ്തു.
ഭാവി നഗരമായ നിയോമിന്റെ നിർമാണത്തിൽ പങ്കാളിത്തം വഹിക്കാനും നിലവിൽ പദ്ധതിയിൽ പ്രവർത്തിക്കുന്ന ആയിരത്തിലധികം സംരംഭകരുടെ ഗ്രൂപ്പിൽ ചേരാനും പ്രതിനിധി സംഘം തലവൻ അമീർ ഫഹദ് ബിൻ മൻസൂർ ബിൻ നാസർ നൈപുണ്യമുള്ള യുവ നിക്ഷേപ സമൂഹത്തെ ക്ഷണിച്ചു.
ത്രിദിന ഉച്ചകോടിക്കിടെ വിവിധ ഡയലോഗ് സെഷനുകളിലും ഉഭയകക്ഷി യോഗങ്ങളിലും പങ്കെടുക്കുകയും സന്ദർശനങ്ങൾ നടത്തുകയും ചെയ്ത സൗദി സംഘം നിക്ഷേപാവസരങ്ങൾ വർധിപ്പിക്കുന്ന നിരവധി ധാരണപത്രങ്ങളിലും കരാറുകളിലും ഒപ്പുവെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി നിക്ഷേപ മന്ത്രാലയം, നിയോം, വിവര സാങ്കേതിക മന്ത്രാലയം, ചെറുകിട, ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട പൊതു അതോറിറ്റി (മുൻശആത്ത്), മുൻശആത്ത് ബാങ്ക്, സൗദി ടെലികോം കമ്പനി തുടങ്ങിയവയിൽ നിന്നുള്ള പ്രമുഖർ അടങ്ങിയതായിരുന്നു പ്രതിനിധി സംഘം.
ഏകദേശം അഞ്ച് ലക്ഷം യുവ സംരംഭകരുടെയും അവരെ പിന്തുണക്കുന്ന സംഘടനകളുടെയും ആഗോള ശൃംഖലയാണ് വൈ.ഇ.എ. സുസ്ഥിരവും സമഗ്രവുമായ അന്താരാഷ്ട്ര വ്യാപാരത്തിന്റെയും കാര്യക്ഷമമായ സാമ്പത്തിക സമ്പ്രദായങ്ങൾ സ്വീകരിച്ച് ഹരിത ഊർജത്തിലേക്ക് മാറുന്നതിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു ശനിയാഴ്ച സമാപിച്ച ഉച്ചകോടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.