വീട്ടുജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സൗദി ഒന്നാമത്
text_fieldsജുബൈൽ: ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും സൗദി അറേബ്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ 'മുസാനെദ്' എന്ന സംവിധാനം വിജയിച്ചുവെന്ന് െഎക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ). സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ 'മുസാനെദ്' കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമുള്ളത്. സൗദിയിലേക്കുള്ള വിദേശ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് നടപടിക്രമങ്ങൾ സുഗമമാക്കുന്ന പുതിയ സംയോജിത സംവിധാനമാണ് 'മുസാനെദ്'. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ഈ പോർട്ടൽ വഴി ഗാർഹിക ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ എളുപ്പമാക്കുകയും അവരുടെ അവകാശ സംരക്ഷണങ്ങളുടെ നിലവാരം വർധിപ്പിക്കുകയും ചെയ്യാനായി. റിക്രൂട്ട്മെൻറ് പ്രക്രിയയിൽ ഓരോരുത്തർക്കും പങ്കുണ്ടെന്നും അവരുടെ ഉത്തരവാദിത്തങ്ങൾ, അവകാശങ്ങൾ, ചുമതലകൾ എന്തൊക്കെയാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
തൊഴിലുടമകളിലും ജീവനക്കാരിലും അവരവരുടെ കടമകളും അവകാശങ്ങളും സംബന്ധിച്ച് മുസാനെദ് കൃത്യമായ അവബോധം നൽകുന്നു. വിസ വിതരണം ചെയ്യുന്നതിനും തൊഴിൽ കരാറും പണമിടപാടുകളും സുതാര്യമാക്കുന്നതിനും സംയോജിത ഇലക്ട്രോണിക് സംവിധാനമായി മുസാനെദ് പ്രവർത്തിക്കുന്നു. ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുകയും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും റിക്രൂട്ട്മെൻറ് ഏജൻസികൾക്കും മികച്ച സേവനങ്ങൾ നൽകുന്നതിനെയും ഐ.എൽ.ഒ പ്രശംസിച്ചു.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും റിക്രൂട്ട്മെൻറ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും റിക്രൂട്ട്മെൻറ് ഓഫിസുകളും കമ്പനികളും തമ്മിലുള്ള മത്സരശേഷി വർധിപ്പിക്കുന്നതിനും ഈ സംവിധാനം കാരണമായി. പോർട്ടലിെൻറ ഓൺലൈൻ സംവിധാനം വഴി വിപണിയിലെ റിക്രൂട്ട്മെൻറ് ചെലവ് കുറക്കുന്നതിനും ഇടയാക്കി.
ഗാർഹിക തൊഴിലാളികളുടെ കരാർ സംവിധാനം നിയന്ത്രിക്കുന്നതിലും ഇരുവിഭാഗത്തിനും അവകാശങ്ങൾ ഉറപ്പുനൽകുന്നതിലും തൊഴിലാളികൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനും നിയമനിർമാണം നടത്തുന്നതിലും മുസാനെദ് പ്ലാറ്റ്ഫോമിനെ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. കരാർ പ്രകാരം എല്ലാ വിവരങ്ങളും നയങ്ങളും നടപടിക്രമങ്ങളും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പോർട്ടലിെൻറ പങ്കിനെ ഐ.എൽ.ഒ പ്രശംസിച്ചു.
കരാർ വ്യവസ്ഥയെക്കുറിച്ച് രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ എല്ലാ കക്ഷികൾക്കും ഉയർന്ന വ്യക്തത കൈവരിക്കാൻ ഇത് സഹായിച്ചതായും പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നേരിട്ട് സമർപ്പിക്കാൻ ഈ സംവിധാനം അനുവദിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.