2034ലെ ഫിഫ ലോകകപ്പിനൊരുങ്ങി സൗദി അറേബ്യ
text_fieldsറിയാദ്: 2034ലെ ലോകകപ്പ് ഫുട്ബാളിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ. ഔദ്യോഗിക ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തതായി സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’ എന്ന ശീർഷകത്തോട് കൂടിയതാണ് ലോഗോ. saudi2034bid.com എന്നതാണ് ഔദ്യോഗിക വെബ്സൈറ്റ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ നടത്തിയത്.
തുടർന്ന് ഔദ്യോഗിക നാമനിർദേശ കത്ത് ഫെഡറേഷൻ ഓഫ് ഇൻറർനാഷനൽ ഫുട്ബാൾ അസോസിയേഷന് (ഫിഫ) സൗദി ഫുട്ബാൾ ഫെഡറേഷൻ സമർപ്പിച്ചു. ഫുട്ബാൾ ലോകത്തെ ഏറ്റവും ത്വരിതഗതിയിലുള്ള വളർച്ചയും സൗദി അറേബ്യ സാധ്യമാക്കിയ വലിയ പരിവർത്തനവും ധ്വനിപ്പിക്കുന്നതാണ് ലോഗോയെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
‘ഒരുമിച്ച് മനുഷ്യരുടെ കഴിവുകൾ വികസിപ്പിക്കാൻ’, ‘ഒരുമിച്ച് ഫുട്ബാൾ വികസിപ്പിക്കാൻ’, ‘ഒരുമിച്ച് ആശയവിനിമയത്തിന്റെ പാലങ്ങൾ വികസിപ്പിക്കാൻ’ എന്നീ മൂന്ന് പ്രധാന സ്ലോഗനുകൾ ഉൾപ്പെടുന്നതാണ് സൗദി നാമനിർദേശ ഫയൽ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സൗദിയേയും അതിലെ ജനങ്ങളെയും അന്താരാഷ്ട്ര ഫുട്ബാൾ സമൂഹവുമായി അസാധാരണമായ ഒരു യാത്രയിലേക്ക് കൊണ്ടുവരുന്ന ബന്ധങ്ങളെ ഉയർത്തിക്കാട്ടുകയാണ് ‘ഒരുമിച്ച്, ഞങ്ങൾ വളരുന്നു’ എന്ന മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. ലോഗോയുടെ രൂപകൽപന രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും യുവജനങ്ങളും ഊർജസ്വലവുമായ സമൂഹത്തിന്റെയും സത്തയെ പ്രതിഫലിപ്പിക്കുന്നതാണ്.
ലോഗോയിൽ 34 എന്ന സംഖ്യയുടെ രൂപത്തിൽ ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളുടെ വർണാഭമായ വരകൾ അടങ്ങിയിരിക്കുന്നു. ഇത് ലോകകപ്പിന്റെ 25ാം പതിപ്പായ 2034ലെ ടൂർണമെന്റിനെ സൂചിപ്പിക്കുന്നു. സൗദിയുടെ ഭൂമിശാസ്ത്രപരമായ ഭൂപടത്തിന്റെ ആകൃതിയിലാണ് ലോഗോ. അഞ്ച് വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്നു. ഇത് സൗദി സമൂഹത്തെയും രാജ്യത്തിന്റെ ആകർഷകമായ ഭൂപ്രദേശത്തെയും ചിത്രീകരിക്കുന്ന മഹത്തായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ഔദാര്യവും ആധികാരികതയും ഉൾക്കൊള്ളുന്ന ഓറഞ്ച്, മരുപ്പച്ചകളുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന പച്ച, ചെങ്കടലിലെ പവിഴപ്പുറ്റുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചുവപ്പ്, ലാവെൻഡർ പൂവിന്റെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ലാവെൻഡർ, കൂടാതെ ശോഭനമായ ഭാവിയിലേക്കുള്ള സൗദി ജനതയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്ന മഞ്ഞ എന്നിവയാണ് നിറങ്ങൾ.
നിലവിലെയും മുൻകാല ഫുട്ബാൾ താരങ്ങളുടെയും പങ്കാളിത്തത്തോടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ചതാണ് ലോഗോയുമായി ബന്ധപ്പെട്ട വിഡിയോ. ഇത് ഫുട്ബാളിനോടുള്ള സൗദി ജനതയുടെ വലിയ അഭിനിവേശം വിവരിക്കുന്നു.
കൂടാതെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം, ആകർഷകമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു. 2034 ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള സൗദി നാമനിർദേശ ഫയൽ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയാൻ Saudi2034bid.com വെബ്സൈറ്റ് സന്ദർശിക്കാം. SaudiNomination2034, TogetherWeGrow എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ച് ആരാധകർക്ക് സ്ഥാനാർഥിത്വ കാമ്പയിനെ പിന്തുണക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.