'യുനെസ്കോ'യുടെ ഉന്നത പദവിയിൽ സൗദിയും
text_fieldsയാംബു: ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ 'യുനെസ്കോ'യുടെ എക്സിക്യൂട്ടിവ് ബോർഡ് പ്രോഗ്രാം, എക്സ്റ്റേണൽ റിലേഷൻസ് കമീഷൻ എന്നിവയുടെ ചെയർപേഴ്സനായി യു.എന്നിലെ സൗദിയുടെ സ്ഥിരം പ്രതിനിധി ഹൈഫ ബിൻത് അബ്ദുൽ അസീസ് ആലു മുഖ്രിൻ തിരഞ്ഞെടുക്കപ്പെട്ടു. പാരീസിൽ നടന്ന യുനെസ്കോ എക്സിക്യൂട്ടിവ് ബോർഡിെൻറ 213ാമത് എക്സിക്യൂട്ടിവ് കൗൺസിൽ സമ്മേളനമാണ് രണ്ടു വർഷത്തേക്കുള്ള ഈ പദവിയിൽ ഹൈഫയെ അവരോധിച്ചത്. യുനെസ്കോയുടെ വിവിധ പരിപാടികളിലും ബാഹ്യബന്ധങ്ങൾക്കുള്ള സമിതിയിലും സൗദിയുടെ തീരുമാനങ്ങൾ നിർണായക പങ്ക് വഹിച്ചിരുന്നു. കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ വിവിധ മേഖലയിൽ വമ്പിച്ച മാറ്റം സാധ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് അവർ ട്വീറ്റ് ചെയ്തു.
റിയാദിലെ കിങ് സഊദ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓറിയൻറൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ഹൈഫ 2009ൽ യു.എൻ ഡെവലപ്മെൻറ് പ്രോഗ്രാമിൽ ചേർന്ന് പ്രവർത്തിച്ചാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അതിനുമുമ്പ് അവർ കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ പാർട്ട് ടൈം പ്രഫസറായും സേവനമനുഷ്ഠിച്ചു. 2013ൽ സാമൂഹിക വികസനവും മനുഷ്യാവകാശങ്ങളും ഉൾപ്പെടുന്ന പരിപാടിയുടെ ഉന്നത പദവിയിൽ നിയമിതയായി. 2016ൽ സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിൽ ഉന്നത പദവിയിലെത്തി. 2017ൽ സുസ്ഥിര വികസന കാര്യങ്ങളുടെ അസിസ്റ്റൻറ് ഡെപ്യൂട്ടി മന്ത്രിയായി നിയമിതയായി. 2018 മുതൽ സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിനു കീഴിെല ജി20 കാര്യങ്ങളുടെ അസി. ഡെപ്യൂട്ടി മന്ത്രിയായും സേവനമനുഷ്ഠിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.