മെഗാ ഐ.പി.എൽ താരലേലത്തിന് സൗദി അറേബ്യ വേദിയാവുന്നു; ലേലം ഈ മാസം 24, 25 തീയതികളിൽ
text_fieldsജിദ്ദ: ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) താരലേലത്തിന് ഇതാദ്യമായി വേദിയൊരുങ്ങുന്നത് സൗദി അറേബ്യയിൽ. താരലേലം ഈ മാസം 24, 25 തീയതികളിൽ ജിദ്ദയിൽ നടക്കും. ജിദ്ദ അൽബസാതീനിലെ വിശാലമായ അബാദി അൽ ജൗഹർ (ബെഞ്ച്മാർക്ക്) അറീനയിൽ നടക്കുന്ന മെഗാ താരലേലത്തിൽ 409 വിദേശ കളിക്കാർ ഉൾപ്പെടെ 1,574 പേർ രജിസ്റ്റർ ചെയ്തതായി ബി.സി.സി.ഐ അറിയിച്ചു.
താരങ്ങളുടെ താമസകേന്ദ്രം ഒരുക്കുന്നത് ലേല വേദിയിൽ നിന്നു10 മിനിറ്റ് യാത്രാ അകലമുള്ള ഹോട്ടൽ ഷാംഗ്രി ലയിലാണ്. നേരത്തെ റിയാദിലായിരിക്കും ഇപ്രാവശ്യത്തെ ഐ.പി.എൽ താരലേലം നടക്കുക എന്ന് വർത്തയുണ്ടായിരുന്നെങ്കിലും അവസാന നിമിഷമാണ് വേദി ജിദ്ദയിലേക്ക് മാറ്റിയത്. തുടർച്ചയായ രണ്ടാം തവണയാണ് ഐ.പി.എൽ താരലേലത്തിന് വിദേശ രാജ്യം വേദിയാവുന്നത്. കഴിഞ്ഞ പ്രാവശ്യം ദുബായിലാണ് ലേലം നടന്നത്. ഇപ്രാവശ്യത്തെ ലേലത്തിന് ലണ്ടൻ നഗരം പരിഗണിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഒഴിവാക്കുകയായിരുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരലേലത്തിൽ 1,165 ഇന്ത്യൻ താരങ്ങളും 409 വിദേശ താരങ്ങളുമാണ് പങ്കെടുക്കുക.
വിദേശ കളിക്കാരിൽ ഏറ്റവും പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത് 91 കളിക്കാരുമായി ദക്ഷിണാഫ്രിക്കയാണ്. ആസ്ട്രേലിയയിൽ നിന്ന് 76, ഇംഗ്ലണ്ടിൽ നിന്ന് 52, ന്യൂസിലന്‍ഡിൽ നിന്ന് 39, വെസ്റ്റ് ഇന്‍ഡീസിൽ നിന്ന് 33, ശ്രീലങ്കയിൽ നിന്ന് 29, അഫ്ഗാനിസ്ഥാനിൽ നിന്ന് 29, ബംഗ്ലാദേശിൽ നിന്ന് 13, നെതർലാന്റിൽ നിന്ന് 12, അമേരിക്കയിൽ നിന്ന് 10, കാനഡ, അയർലൻഡ്, ഇറ്റലി, സ്കോട്ലൻഡ്, സിംബാബ്വെ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് 10 ൽ താഴെ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ എണ്ണം. ഐ.സി.സിയില്‍ പൂർണ അംഗത്വമുള്ള രാജ്യമാണെങ്കിലും പാകിസ്താനിൽ നിന്നുള്ള താരങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാനാവില്ല.
നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന 320 പേരും അഞ്ച് വർഷമായി ഒരു അന്താരാഷ്ട്ര മത്സരത്തിലും കളിക്കാത്ത 1,224 താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള 30 കളിക്കാരും ലേലത്തിന്റെ ഭാഗമാകുമെന്ന് ബി.സി.സി.ഐ അറിയിച്ചു. താരങ്ങളായ ഋഷഭ് പന്ത്, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുൾപ്പെടെ നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന 48 ഇന്ത്യൻ താരങ്ങളാണ് ഇത്തവണ ലേലത്തിൽ ഇറങ്ങുന്നത്. 10 ടീമുകള്‍ക്കായി 204 പേരെയാണ് ആകെ തെരഞ്ഞെടുക്കാനാവുക. മൊത്തം ടീമുകളിലായി 46 കളിക്കാരെ ലേലത്തിന് മുമ്പ് തന്നെ നിലനിര്‍ത്തിയിരുന്നു. ഓരോ ടീമിനും പരമാവധി 120 കോടി രൂപയാണ് ലേലത്തില്‍ ചെലവഴിക്കാൻ അനുവദിച്ച തുക. ഇതിൽ നിന്നും ഓരോ ടീമിലും നിലനിര്‍ത്തിയ കളിക്കാര്‍ക്കായി ചെലവിട്ട തുക കിഴിച്ചുള്ള തുക മാത്രമേ ലേലത്തില്‍ ചെലവഴിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.