ഹറമുകളിൽ ഇനി തടസ്സങ്ങളില്ല; തീർഥാടകരുടെ ശാരീരിക ക്ഷമത പരിശോധന നിർത്തി
text_fieldsജിദ്ദ: മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ ഇനി തടസ്സങ്ങളില്ല. കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ശാരീരിക ക്ഷമത പരിശോധന (ഇമ്യൂൺ സ്റ്റാറ്റസ്) നിർത്തിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇരുഹറമുകളിലും ഉണ്ടായിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം പിൻവലിച്ചു. വിദേശത്തുനിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കാനും ശാരീരിക ക്ഷമത പരിശോധന ആവശ്യമില്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ, പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളും ഒഴിവാക്കി. കോവിഡ് മുൻകരുതൽ നടപടികളിൽ ഇളവ് നൽകി കഴിഞ്ഞയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.
തുടർന്ന് ഇരുഹറമുകളിലെ പ്രവേശനത്തിനും ഉംറ നിർവഹണത്തിനും ഹറമുകളിലെ നമസ്കാരത്തിന് പെർമിറ്റ് ലഭിക്കാനും ഏർപ്പെടുത്തിയിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളിലും നിബന്ധനകളിലും ഹജ്ജ്-ഉംറ മന്ത്രാലയവും ഇരുഹറം കാര്യാലയവും ഇളവ് വരുത്തി.
ഹറമുകളിൽ സാമൂഹിക അകലം പാലിക്കൽ, മസ്ജിദുൽ ഹറാമിലെ പ്രാർഥനക്കും മസ്ജിദുന്നബവി സന്ദർശനത്തിനും പെർമിറ്റ് നേടൽ എന്നീ നിബന്ധനകളും ഒഴിവാക്കിയിരുന്നു. എന്നാൽ, ഉംറ നിർവഹിക്കുന്നതിനും മദീനയിലെ റൗദാ (പ്രവാചകന്റെ ഖബർ) സന്ദർശനത്തിനും പെർമിറ്റ് നൽകുന്നത് തുടരുമെന്നും ഇരുഹറമുകളിലുമെത്തുന്നവർ മാസ്ക് ധരിക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, തീരുമാനങ്ങൾ കോവിഡ് സ്ഥിതിവിവരങ്ങൾ നിരീക്ഷിച്ച് ആരോഗ്യ വകുപ്പ് നടത്തുന്ന വിലയിരുത്തലുകൾക്ക് വിധേയമായാണ് നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.