സൗദി അറേബ്യ രാജ്യാന്തര യാത്രാ നിരോധനം നീക്കുന്നു; ജനുവരി ഒന്നു മുതൽ മുഴുവൻ അതിർത്തികളും തുറക്കും
text_fieldsജിദ്ദ: കോവിഡ് മൂലം ഏർപ്പെടുത്തിയ യാത്രാനിരോധനം 2021 ജനുവരി ഒന്നിന് പൂർണമായും എടുത്തുമാറ്റുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുപോകാനും മടങ്ങിവരാനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് എടുത്തുകളയുന്നത്. സെപ്റ്റംബർ 15ന് ചൊവ്വാഴ്ച രാവിലെ ആറ് മുതൽ ഭാഗികമായി നിയന്ത്രണങ്ങൾ നീക്കും. പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിവരാനും പുറത്തേക്ക് പോകാനുമുള്ള അനുവാദമാണ് ചൊവ്വാഴ്ച മുതൽ നൽകുന്നത്.
മറ്റ് ജി.സി.സി രാജ്യങ്ങളിലുള്ള സൗദി പൗരന്മാർക്കും തൊഴിൽ റീഎൻട്രി വിസ, സന്ദർശന വിസ എന്നിവയുള്ള വിദേശികളും ഉൾപ്പെടെയുള്ളവർക്കാണ് ചൊവ്വാഴ്ച മുതൽ പ്രവേശനാനുമതി നൽകുന്നത്. ഇവരെല്ലാം കോവിഡ് മുക്തമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
പ്രവേശന കവാടത്തിലെത്തുന്നതിന് 48 മണിക്കൂർ മുമ്പ് ഇഷ്യൂ ചെയ്ത രേഖയായിരിക്കണം. അതേസമയം, നിരോധനം പൂർണമായും നീക്കുന്ന ജനുവരി ഒന്നിന് 30 ദിവസം മുമ്പ് പ്രവേശന കവാടങ്ങൾ തുറക്കുന്ന സമയം എപ്പോഴാണെന്ന് പ്രഖ്യാപിക്കും. ആ സമയത്ത് പ്രവേശന കവാടങ്ങളിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും വേണ്ട ആരോഗ്യ മുൻകരുതലും ആവശ്യകതകളും സജ്ജീകരിക്കാനുള്ള അപേക്ഷ സമർപ്പിക്കാം.
എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ, ഒൗദ്യോഗിക ചുമതലകളിൽ നിയോഗിക്കപ്പെട്ടവർ, വിദേശത്ത് സൗദി നയതന്ത്ര കാര്യാലയങ്ങളിലെ ജീവനക്കാർ, അവരുടെ ആശ്രിതർ, വ്യവസായ പ്രമുഖർ, വിദേശ രാജ്യങ്ങളിൽ ചികിത്സവേണ്ട രോഗികൾ, സ്കോളർഷിപ്പ് വിദ്യാർഥികൾ തുടങ്ങിയവരെ സെപ്റ്റംബർ 15 മുതൽ ഏതുസമയവും രാജ്യത്തുനിന്ന് പുറത്തേക്ക് പോകാനും തിരിച്ചുവരാനും അനുവദിക്കും. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയും രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്തുപോകാനും അനുവദിക്കും.
തൊഴിൽ വിസ, റീഎൻട്രി, സന്ദർശന വിസകളുള്ള മറ്റെല്ലാ രാജ്യക്കാർക്കും പ്രവേശനം അനുവദിക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരും സൗദികളല്ലാത്തവരുമായ എല്ലാവരും കർശന ആരോഗ്യ മുൻകരുതൽ നിബന്ധനകൾ പാലിച്ചിരിക്കണം. എന്നാൽ, ഉംറ തീർഥാടകർക്കുള്ള യാത്രാനിരോധനം നീക്കുന്നത് ഘട്ടംഘട്ടമായായിരിക്കും. അത് സംബന്ധിച്ച പ്രഖ്യാപനം പിന്നീടുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.