സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ദേശീയ വസ്ത്രം നിർബന്ധമാക്കി
text_fieldsസൗദിയിലെ ഒരു ക്ലാസ് റൂം
റിയാദ്: സൗദി അറേബ്യയിലെ പൊതു, സ്വകാര്യ സ്കൂളുകളിലെ സെക്കൻഡറി വിദ്യാർഥികൾ ദേശീയ വസ്ത്രമായ തോബ് (കുപ്പായം), ഗുത്ര അല്ലെങ്കിൽ ഷിമാഗ് (ശിരോവസ്ത്രം) എന്നിവ അണിയൽ നിർബന്ധമാക്കി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സൗദികളല്ലാത്തവർ തോബ് ധരിക്കണം. എന്നാൽ രാജ്യത്തെ വിദേശ സ്കൂളുകളിൽ പഠിക്കുന്നവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ മൂല്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും വിദ്യാർഥികളുടെ ദേശീയത പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.
നിലവിലെയും ഭാവിയിലെയും തലമുറകളെ ആധികാരിക സൗദി ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കാനും അതിൽ അഭിമാനിക്കുന്ന തരത്തിൽ അവരെ വളർത്താനുമുള്ള നിയമത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് കിരീടാവകാശിയുടെ നിർദേശം.
സ്ക്കൂൾ പഠനസമയത്ത് വിദ്യാർഥികൾ യൂനിഫോം ചട്ടങ്ങൾ പാലിക്കുന്നത് വിദ്യാഭ്യാസ അന്തരീക്ഷത്തിന്റെ ഭാഗമായിരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ഈ തീരുമാനത്തോടൊപ്പം വിദ്യാർഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളും ബോധവത്ക്കരണ പരിപാടികളും ഉണ്ടാകും.
സ്കൂൾ ദിനങ്ങളിൽ സൗദി ദേശീയ വസ്ത്രധാരണം ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാവി തലമുറകൾക്കായി ദേശീയ ഐഡന്റിറ്റി കെട്ടിപ്പടുക്കുന്നതിൽ അതിന്റെ പങ്കിനെക്കുറിച്ചും മനസ്സിലാക്കാനാണ് ഈ നടപടിയെന്നും മന്ത്രാലയം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.