നിയോമിലെ ‘ടർട്ടിൽ ബേ’യിൽ സ്വയമോടുന്ന വാഹനങ്ങൾ ചലിച്ചുതുടങ്ങി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ഏറ്റവും വലിയ നാഗരിക പദ്ധതിയായ ‘നിയോമി’ലെ ‘ടർട്ടിൽ ബേ’ എന്ന തൊഴിലാളികളുടെ പാർപ്പിട നഗരത്തിൽ രണ്ട് സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ ഓടിത്തുടങ്ങിയതായി റെഡ് സീ ഇൻറർനാഷനൽ കമ്പനി അറിയിച്ചു. ചെങ്കടൽ ടൂറിസം പദ്ധതി സ്ഥലത്ത് സുസ്ഥിര ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, വിശ്രമ വേളകളിലെ ഉല്ലാസം എന്നിവ ഉറപ്പാക്കുന്നതിനായി എംപ്ലോയി റെസിഡൻഷ്യൽ സിറ്റി കമ്പനിയാണ് സംവിധാനം വികസിപ്പിച്ചത്. ചെങ്കടൽ ടൂറിസം ലക്ഷ്യസ്ഥാനങ്ങളിൽ ഈ ജീവനക്കാർക്ക് ഉയർന്ന ജീവിതനിലവാരവും ആധുനിക ജീവിതശൈലിയും നൽകുകയാണ് ലക്ഷ്യം.
സുസ്ഥിര ഗതാഗത സംരംഭങ്ങൾക്ക് അനുസൃതമായാണ് ‘ടർട്ടിൽ ബേ’യിൽ സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് റെഡ് സീ കമ്പനിയിലെ ഗതാഗത വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. അഹമ്മദ് അൽഅഖ്റാസ് പറഞ്ഞു. റെഡ്സീ ടൂറിസം സൈറ്റിലെ കാർബൺ ഉദ്വമനം ഒഴിവാക്കി ബദൽ ഗതാഗത സൗകര്യം ഒരുക്കുന്നതിനാണിത്. സെൽഫ് ഡ്രൈവിങ് വാഹനങ്ങളുടെ പ്രവർത്തന പരീക്ഷണ ഘട്ടം പൂർത്തിയായി.
17 മുതൽ വാഹനങ്ങൾ പ്രവർത്തിച്ചു തുടങ്ങി. വീൽചെയറിന് സമാനമായി ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ കയറി യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് വാഹനങ്ങൾ സജ്ജീകരിച്ചിരിക്കുന്നതെന്നും അൽഅഖ്റാസ് പറഞ്ഞു. ഇരുന്നാലും നിന്നാലും12 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ശേഷി വാഹനത്തിനുണ്ട്. പരമാവധി വേഗം മണിക്കൂറിൽ 20 കിലോമീറ്ററാണ്. നിലവിൽ മണിക്കൂറിൽ 13 കിലോമീറ്റർ വേഗത്തിലാണ് പ്രവർത്തിക്കുന്നത്.
അതേസമയം ടർട്ടിൽ ബേ സൈറ്റിൽ അനുവദനീയ പരമാവധി വേഗം മണിക്കൂറിൽ 15 കിലോമീറ്ററാണ്. ടർട്ടിൽ ബേ എന്ന എംപ്ലോയീസ് റെസിഡൻഷ്യൽ സിറ്റിയിൽ ജീവനക്കാർക്കും സന്ദർശകർക്കും സെൽഫ് ഡ്രൈവിങ് വാഹനങ്ങളുടെ സേവനം എപ്പോഴും ലഭ്യമാണ്. പരീക്ഷണമെന്ന നിലയിൽ ആറ് മാസത്തേക്കാണ് ഈ വാഹനങ്ങൾ ഓടുക. ശേഷം സാങ്കേതികവിദ്യയും സേവന നിലവാരവും നിരീക്ഷിച്ച് വിലയിരുത്തും. അതിനനുസരിച്ച് ഭാവി തീരുമാനങ്ങൾ എടുക്കുമെന്നും അൽഅഖ്റാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.