സൗദിയിൽ ഇനി ചുമരുകളിലെ ചിത്രം വരക്ക് ലൈസൻസ് വേണം
text_fieldsറിയാദ്: സൗദിയിൽ ഇനി വെറുതെ കാണുന്ന ചുമരിലോ ഭിത്തിയിലോ തൂണിലോ ഒന്നും പോയി കുത്തിവരക്കരുത്. പണി കിട്ടും. അത് ഇനി നിങ്ങളുടെ സ്വന്തം വീടിന്റെയോ വാണിജ്യസ്ഥാപനങ്ങളുടെയോ ചുമരാണെങ്കിൽ പോലും.
സ്ട്രീറ്റ് ആർട്ട് എന്ന പേരിൽ രാജ്യത്ത് അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന താന്തോന്നി എഴുത്തുകുത്തുകൾക്കും വരകൾക്കും മൂക്കുകയറിടാനാണ് സൗദി മുനിസിപ്പൽ ഗ്രാമ ഭവനകാര്യ മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പരിഷ്കരിച്ച 14 വ്യവസ്ഥകളാണ് പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിനായി മന്ത്രാലയം ഇപ്പോൾ കരടുനിയമമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രാജ്യത്തെ സർക്കാർ, സ്വകാര്യ കെട്ടിടങ്ങളിൽ ചിത്രങ്ങൾ വരക്കാനോ എഴുത്തുകുത്തുകൾ നടത്താനോ പ്രവിശ്യാ സെക്രട്ടേറിയറ്റിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ലൈസൻസില്ലാതെ നടത്തുന്ന കലാവിഷ്കാരങ്ങൾക്ക് പിഴ ചുമത്തും.
ഒപ്പം കലാകാരനെ കൊണ്ടുതന്നെ അവ മായ്പ്പിക്കുകയും ചെയ്യും. ലൈസൻസോടു കൂടി ചിത്രരചനയും മറ്റ് വരകളും നടത്തിയാൽ കെട്ടിടങ്ങൾക്കോ സർക്കാർ വസ്തുവകകൾക്കോ കേടുപാടുകൾ പറ്റിയാൽ അത് പരിഹരിക്കാനുള്ള മാർഗം അത് ചെയ്യുന്നവർ തന്നെ കണ്ടെത്തേണ്ടിവരും.
സർക്കാർ കെട്ടിടങ്ങളിലോ പൊതുസ്ഥലങ്ങളിലെ സ്വകാര്യ ബിൽഡിങ്ങുകളിലോ കലാവിഷ്കാരങ്ങൾ നടത്തുന്നത് സംബന്ധിച്ച അപേക്ഷകൾ പരിശോധിക്കുന്നതിനും തുടർനടപടികൾ കൈക്കൊള്ളുന്നതിനും പ്രവിശ്യ സെക്രട്ടേറിയറ്റുകൾ സ്വന്തമായി സംവിധാനങ്ങൾ ഉണ്ടാക്കണം.
പ്രത്യേക പരിപാടികളോ ഇവന്റുകളോ സംബന്ധിച്ച എഴുത്തുകുത്തുകളും മറ്റും മുൻകൂർ അനുമതിയോടെ താൽക്കാലികമായി നടത്തുന്നതിന് നിരോധനമില്ല. പരിപാടി കഴിയുന്നതോടെ അത് നീക്കം ചെയ്യാനുള്ള ബാധ്യത സംഘാടകർക്കാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
അജ്ഞാത കലാകാരന്മാരുടെ സൃഷ്ടികൾ മായ്ക്കാനോ നീക്കംചെയ്യാനോ പ്രവിശ്യ സെക്രട്ടേറിയറ്റിന് അധികാരം നൽകുന്ന വ്യവസ്ഥയും കരടുനിയമത്തിൽ മന്ത്രാലയം മുന്നോട്ടുവെക്കുന്നുണ്ട്. എന്നെങ്കിലുമൊരിക്കൽ ആ ‘അജ്ഞാതനെ’ തിരിച്ചറിയാനായാൽ ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും മന്ത്രാലയം ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.