ഭക്ഷ്യസുരക്ഷയെ കുറിച്ച് സൗദി യു.എന്നിൽ: ആഗോള സഹകരണം അത്യന്താപേക്ഷിതം
text_fieldsറിയാദ്: ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും നേരിടുന്നതിനും ആഗോള സഹകരണം അത്യന്താപേക്ഷിതമെന്ന് സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയിൽ ഈ വിഷയത്തിൽ നടന്ന ആഗോള യോഗത്തിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം കൂടിയേ തീരൂവെന്ന നിലപാട് സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അൽഖുറൈജി വ്യക്തമാക്കിയത്.
ആഗോളതലത്തിലെ പ്രധാന ആരോഗ്യ വെല്ലുവിളികളാണ് പകർച്ചവ്യാധികളുടെ വ്യാപനം. നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത ഒരു വൈറസിനെ ചെറുക്കുന്നതിൽ അന്താരാഷ്ട്ര സംവിധാനത്തിന്‍റെ പോരായ്മകൾ കോവിഡ് വെളിപ്പെടുത്തിയെന്നും സൗദി വ്യക്തമാക്കി. ഇത് സമ്പദ്‌വ്യവസ്ഥയെയും സമൂഹങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചു.
ആളുകളുടെ ഉപജീവനമാർഗങ്ങൾ അടയുന്നതിലും ഗുരുതരമായ പങ്കാണ് കോവിഡ് വഹിച്ചത്. കോവിഡിനെ നേരിടാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങളെ സഹായിക്കുന്നതിന് 50 കോടി ഡോളർ സംഭാവന ചെയ്ത് സൗദി അറേബ്യ നേതൃപരമായ പങ്കുവഹിച്ചു. ഇക്കാര്യത്തിൽ ലോകത്തിന് മുന്നിൽ സൗദി നിർണായക സംരംഭങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നതിന് ഒരു റോഡ് മാപ്പ് നിർമിക്കുകയും സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് (ഹരിത സൗദി പദ്ധതി), മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് (ഹരിത മധ്യപൂർവേഷ്യ പദ്ധതി), സർക്കുലർ കാർബൺ ഇക്കോണമി സംരംഭം (കാർബൺ പുറന്തള്ളൽ കുറച്ചുകൊണ്ടുള്ള വാണിജ്യസംരംഭം) എന്നിവ വഴി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചു.
സുസ്ഥിരമായ കാർഷികമേഖല കെട്ടിപ്പടുക്കുക, ഭക്ഷ്യസമ്പ്രദായങ്ങളെ പിന്തുണക്കുന്ന മേഖലകൾ ശക്തിപ്പെടുത്തുക, സംവിധാനങ്ങൾ വികസിപ്പിക്കുക, കാർഷിക ഉൽപാദനക്ഷമത മെച്ചപ്പെടുത്തുക, ഭക്ഷ്യസുരക്ഷയിൽ സുസ്ഥിര പുരോഗതി ഉറപ്പാക്കുന്നതിന് ഗവേഷണ-നൂതന കഴിവുകൾ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുക തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് രാജ്യത്തിന്‍റെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030' പ്രവർത്തിക്കുന്നതെന്നും ഉപമന്ത്രി വലീദ് അൽഖുറൈജി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.