വിപണിയിൽ കുറവുണ്ടായാൽ മാത്രം എണ്ണ ഉൽപാദനം കൂട്ടും -സൗദി
text_fieldsദമ്മാം: എണ്ണ വിതരണത്തിൽ വിപണിയിൽ കുറവുണ്ടായാൽ മാത്രമേ ഉൽപാദനം കൂട്ടൂ എന്ന് സൗദി വിദേശകാര്യ സഹമന്ത്രി അദിൽ അൽജുബൈർ പറഞ്ഞു. ഒപെക് രാജ്യങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ചു മാത്രമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിപണിയായിരിക്കും എണ്ണ ഉൽപാദനം നിർണയിക്കുന്നത്. വിപണിയിലേക്കും തന്റെ രാജ്യത്തേക്കും കൂടുതൽ എണ്ണ എത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച ജിദ്ദയിൽ പറഞ്ഞതിന് പിന്നാലെയാണ് ആദിൽ അൽജുബൈറിന്റെ പ്രസ്താവന.
ജോ ബൈഡന്റെ സന്ദർശന പശ്ചാത്തലത്തിൽ പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം എണ്ണ സംബന്ധിച്ച സൗദി നിലപാട് വ്യക്തമാക്കിയത്.
സുസ്ഥിരമായ ആഗോള ഊർജ വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ആവർത്തിച്ചു. സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി ആഗോള എണ്ണവിപണിയെ സന്തുലിതമാക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ യു.എസ് സ്വാഗതം ചെയ്തു.
ഭാവിയിലെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രധാനപങ്ക് തിരിച്ചറിഞ്ഞ് കാലാവാസ്ഥ, ഊർജ സംക്രമണസംരംഭങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതോടൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ ആഗോള ഊർജ വിപണികളെക്കുറിച്ച് പതിവായി കൂടിയാലോചന നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാന എണ്ണ ഉൽപാദക രാജ്യത്തിന്‍റേയും ഉപഭോഗ രാജ്യത്തിന്‍റേയും സഹകരണം ഊർജമേഖലയിൽ കരുത്ത് രൂപപ്പെടാൻ സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് സന്തുലിതമായ ആഗോള എണ്ണ വിപണിയെ പിന്തുണയ്ക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയും അമേരിക്ക സ്വാഗതം ചെയ്തു. ഫൈവ് ജി നെറ്റ്‌വർക്കുകൾ, സൈബർ സുരക്ഷ, ബഹിരാകാശ പര്യവേക്ഷണം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും സൗദിയും യു.എസും തീരുമാനിച്ചിരുന്നു. ബഹിരാകാശ പര്യവേക്ഷണ ഉടമ്പടിയായ നാസയുടെ നേതൃത്വത്തിലുള്ള ആർട്ടെമിസ് കരാറിൽ സൗദി അറേബ്യ പുതിയതായി ഒപ്പുവെച്ചതിനെയും ബൈഡൻ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.