ആ ചരിത്രമുഹൂർത്തം ഇനി സൗദി തപാൽ മുദ്രയിൽ
text_fieldsയാംബു: ബഹിരാകാശത്ത് സൗദി അറേബ്യ സ്വന്തം സഞ്ചാരികളെ എത്തിച്ച ആ ചരിത്രമുഹൂർത്തം ഇനി തപാൽ മുദ്രയിൽ. റയാന ബർനാവിയുടെയും അലി അൽഖർനിയുടെയും ആദ്യ ബഹിരാകാശ യാത്രയുടെ സ്‌മരണക്കായാണ് തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്. ‘ബഹിരാകാശത്തേക്ക് സൗദി’ എന്ന അർഥം വരുന്ന ‘അസഊദിയ നഹ്‌വുൽ ഫദാഅ’ എന്ന തലവാചകം രേഖപ്പെടുത്തിയാണ് മൂന്ന് റിയാൽ മൂല്യമുള്ള സ്മരണിക സ്റ്റാമ്പ് സൗദി പോസ്റ്റ് അതോറിറ്റി പ്രകാശനം ചെയ്തത്.
സൗദിയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ രംഗത്തെ ദേശീയവും ശാസ്ത്രീയവുമായ നേട്ടങ്ങളുടെ അടയാളപ്പെടുത്തലായിരുന്നു 2023 മെയ് 21ന് തുടക്കം കുറിച്ച രണ്ട് സൗദി പൗരരുടെ ബഹിരാകാശ യാത്ര.
മാനവരാശിയെ സേവിക്കുന്ന ശാസ്ത്രീയ ഗവേഷണത്തിന് സംഭാവന നൽകുന്നതിനും ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിെൻറ വ്യവസായവും നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ദേശീയ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള രാജ്യത്തിെൻറ ശ്രമങ്ങൾക്ക് റയാന ബർനാവിയുടെയും അലി അൽഖർനിയുടെയും ദൗത്യം ശക്തിപകരുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
ബഹിരാകാശ യാത്രികർക്കായുള്ള ബഹിരാകാശ ശാസ്ത്രീയ ദൗത്യങ്ങളും നടത്തുന്ന വളരെ ചുരുക്കം ചില രാജ്യങ്ങളിൽ സൗദിയും ഉൾപ്പെട്ടതും ചരിത്രത്തിൽ അടയാളപ്പെടുത്തി. ബഹിരാകാശത്തേക്കുള്ള സൗദിയുടെ ചരിത്ര ദൗത്യം രാജ്യത്തെ പൗരന്മാർക്കും മറ്റുള്ളവർക്കും ഏറെ പ്രചോദകമായതായും പര്യവേക്ഷകരുടെയും ശാസ്ത്രജ്ഞരുടെയും ഒരു പുതിയ തലമുറയെ കെട്ടിപ്പടുക്കാൻ അത് വഴിവെക്കുമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.