മഴക്ക് വേണ്ടി നമസ്കരിച്ച് സൗദി അറേബ്യ
text_fieldsറിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ആഹ്വാനം അനുസരിച്ച് രാജ്യത്തുടനീളം മഴക്ക് വേണ്ടി ജനങ്ങൾ കൂട്ടമായി നമസ്കാരം നിർവഹിച്ചു. വ്യാഴാഴ്ച മഴക്ക് വേണ്ടി നമസ്കരിക്കണമെന്നാണ് സൽമാൻ രാജാവ് ആഹ്വാനം ചെയ്തത്.
മഴയില്ലാതാവുകയും വരൾച്ചയുണ്ടാവുകയും ചെയ്യുേമ്പാൾ പ്രവാചകൻ കാണിച്ച മാതൃക പിന്തുടർന്നാണ് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും പള്ളികളിൽ ആളുകൾ മഴക്ക് വേണ്ടിയുള്ള നമസ്കാരം നിർവഹിച്ചത്. മക്കയിലെ മസ്ജിദുൽ ഹറാമിൽ ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് നമസ്കാരത്തിന് നേതൃത്വം നൽകി. മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് ഉൾപ്പെടെ നിരവധിയാളുകൾ പങ്കാളികളായി.
ദൈവത്തെ ഭയപ്പെടാൻ തന്‍റെ പ്രസംഗത്തിൽ ഇമാം വിശ്വാസികളെ ഉപദേശിച്ചു. ഭക്തിയിലൂടെ പ്രാർഥനകൾ സ്വീകരിക്കപ്പെടും, പരീക്ഷണം ഒഴിവാക്കപ്പെടും, കഷ്ടതകൾ നീക്കപ്പെടും, ദൈവഭക്തി അടച്ചുപൂട്ടലിന്‍റെ താക്കോലാണ്, അനുഗ്രഹങ്ങളിലേക്കുള്ള കവാടമാണ്. അതിലൂടെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുമെന്നും ഡോ. അൽസുദൈസ് പറഞ്ഞു. മഴക്ക് വേണ്ടിയുള്ള പ്രാർഥനയും വരൾച്ച നീക്കി മഴ പെയ്യിക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെടുന്നതും പ്രവാചക ചര്യയിൽപ്പെട്ടതാണെന്നും അദ്ദേഹം ഉണർത്തി.
മദീന മസ്ജിദുന്നബവിയിൽ ശൈഖ് അഹമ്മദ് ബിൻ താലിബ് നമസ്കാരത്തിന് നേതൃത്വം നൽകി. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അടക്കം നിരവധി ആളുകൾ പെങ്കടുത്തു. റിയാദിൽ ദീര ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ നടന്ന നമസ്കാരത്തിൽ മധ്യപ്രവിശ്യാ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് എന്നിവർ നമസ്കാരത്തിൽ പങ്കാളികളായി. രാജ്യത്തെ മറ്റ് ഭാഗങ്ങളിലും പള്ളികളിൽ നടന്ന നമസ്കാരത്തിൽ ഗവർണർമാർ അടക്കമുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.