ലോകത്തുള്ള 1500ലധികം ഈത്തപ്പഴ ഇനങ്ങളിൽ 400ലധികം ഉൽപാദിപ്പിക്കുന്നത് സൗദിയിൽ
text_fieldsയാംബു: റമദാൻ വിപണിയിൽ ഈത്തപ്പഴത്തിന്‍റെ വൈവിധ്യമാണെങ്ങും. വടക്കുപടിഞ്ഞാറൻ മേഖലയായ തബൂക്കിലെ 80,000ത്തിലധികം ഈന്തപ്പനകളിൽ നിന്നുള്ള 40ലധികം ഇനങ്ങളുൾപ്പെടെ സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഈത്തപ്പഴമാണ് ഈ റമദാൻ സീസണിലും വിപണി കീഴടക്കിയിരിക്കുന്നത്. നോമ്പ് തുറക്കാൻ ഏറ്റവും ശ്രേഷ്ഠമായത് ഈത്തപ്പഴമാണെന്ന പ്രവാചക വചനം ഉൾക്കൊണ്ടാണ് എല്ലാവരും നോമ്പുതുറ വിഭവങ്ങളിൽ അത് ഒന്നാമത്തെ ഇനമാക്കുന്നത്. സീസണിന്‍റെ ചോദനയറിഞ്ഞ് ആവശ്യമായ ഈത്തപ്പഴം തബൂക്കിൽനിന്നുൾപ്പെടെ ആഭ്യന്തര വിപണിയിലെത്തുന്നു.
ലോകത്തുള്ള 1500ലധികം ഈത്തപ്പഴയിനങ്ങളിൽ 400ലധികവും സൗദിയിലാണ് ഉൽപാദിപ്പിക്കുന്നത്. അതായത്, മൊത്തം ഈത്തപ്പഴ ഉൽപാദനത്തിന്‍റെ 15 ശതമാനവും സൗദിയിലാണ്. രാജ്യത്തിന്‍റെ 13 പ്രവിശ്യകളിലായി 30 ദശലക്ഷം ഈന്തപ്പനകൾ കൃഷി ചെയ്യുന്നുണ്ട്. മദീന, ബുറൈദ, അൽഅഹ്സ, തബൂക്ക് എന്നിവിടങ്ങളിലാണ് ഭൂരിഭാഗവും ഉൽപാദിപ്പിക്കുന്നത്. അജ്‌വ, സുക്കരി, അമ്പർ, സുഖീഈ, മുനീഫീ, സഫാവി, ഖുലാസ്വീ തുടങ്ങിയ പേരുകളിൽ ഇവ അറിയപ്പെടുന്നു. ഈത്തപ്പഴങ്ങളുടെ കൂട്ടത്തിൽ മഹത്ത്വമേറിയതും വില കൂടിയതുമായ അജ്‌വ പ്രധാനമായും മദീനയിലും സുക്കരി എന്നറിയപ്പെടുന്ന ഈത്തപ്പഴം ബുറൈദയിലുമാണ് സുലഭമായി കൃഷി ചെയ്യുന്നത്.
ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള സുക്കരി, അൽഖലാസ്, അൽബിർണി, അൽമുനീഫി, റുഥാന അൽശർഖ്, അൽസാഖ, ദെഗ്ലറ്റ് നൂർ, അൽശബീബി, അൽഹൽവതുൽ ബയ്ദാഹ്, അൽസിബാഖ, അൽമുഹ്തരിക തുടങ്ങിയ നാൽപതോളം ഈത്തപ്പഴ ഇനങ്ങളാണ് തബൂക്ക് മേഖലയിൽ ഉൽപാദിപ്പിക്കുന്നത്. ഗൾഫ്നാടുകളിലെ പ്രധാന നാണ്യവിളകൂടിയാണ് ഈത്തപ്പഴം. ധാരാളം കാർബോ ഹൈഡ്രേറ്റ് ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ കാത്സ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ്, സൾഫർ, ഫോസ്ഫറസ്, കോപ്പർ തുടങ്ങി മനുഷ്യശരീരത്തിന് ആവശ്യമായ ധാരാളം ലവണങ്ങൾ ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. കഠിനമായ ചൂടിൽ അറബികൾ ജീവിച്ചിരുന്ന പഴയ കാലത്ത് ഈത്തപ്പഴം മാത്രമായിരുന്നു അവരുടെ ഏക ഭക്ഷണം. പട്ടിണികൊണ്ടുള്ള പോഷകാഹാരക്കുറവെല്ലാം ഇവർ അതിജയിച്ചിരുന്നത് ഈ പഴം മൂലമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.