വ്യോമയാന സുരക്ഷയിൽ സൗദി അറേബ്യ ഏഴാം സ്ഥാനത്ത്
text_fieldsജിദ്ദ: വ്യോമയാന സുരക്ഷയിൽ ജി 20 രാജ്യങ്ങളിൽ സൗദി അറേബ്യ ഏഴാം സ്ഥാനത്ത്. ജി 20 അംഗ രാജ്യങ്ങളിൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) നടത്തിയ വ്യോമയാന സുരക്ഷാ ഓഡിറ്റിങ്ങിലാണ് സൗദി അറേബ്യ 94.4 ശതമാനം നേടി ഏഴാം സ്ഥാനത്ത് എത്തിയത്.
ജി 20 രാജ്യങ്ങൾ വ്യോമയാനരംഗത്തെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഒാഡിറ്റിങ് നടത്തിയത്. സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രവർത്തിക്കുന്ന വകുപ്പുകളുടെ പ്രവർത്തനഫലമാണ് ഈ നേട്ടം. അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കി സാധ്യമായ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രയോഗിച്ചാണ് രാജ്യം ഓഡിറ്റിങ്ങിൽ വിജയകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
പ്രാദേശിക അന്തർദേശീയ തലങ്ങളിൽ വ്യോമയാന മേഖല കൈവരിച്ച നിരവധി നേട്ടങ്ങളിൽ ഒന്നാണ് വ്യോമയാന സുരക്ഷയുടെ ഇൗ നേട്ടമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി മേധാവി അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലെജ് പറഞ്ഞു. ഭരണകൂടത്തിന്റെ താൽപര്യവും പിന്തുണയും ഇത് പ്രതിഫലിപ്പിക്കുന്നു. സിവിൽ ഏവിയേഷൻ സംവിധാനം അതിന്റെ തന്ത്രപരമായ പദ്ധതികൾ നടപ്പാക്കാനും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളിൽ മികവ് കൈവരിക്കുന്നതിനായി മുന്നോട്ട് പോകുന്നതിനിടയിലാണ് ദേശീയ അന്തർദേശീയ തലങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനം നേടുന്നത്. ഈ നേട്ടത്തിന് സംഭാവന നൽകിയ എല്ലാ സർക്കാർ, സുരക്ഷാ ഏജൻസികൾക്കും ദേശീയ കമ്പനികൾക്കും എല്ലാവർക്കും നന്ദിയും അഭിനന്ദനവും അൽദുവൈലെജ് അറിയിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സുരക്ഷാ മേഖലകളിലെ മേധാവികൾ, സർക്കാർ ഏജൻസികൾ, വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ദേശീയ കമ്പനികൾ, ദേശീയ വിമാനക്കമ്പനികൾ, സി.ഇ.ഒമാർ എന്നിവരെ സിവിൽ ഏവിയേഷൻ മേധാവി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.