സൗദിക്ക് സ്വന്തം തക്കാളി മതി; ഉൽപാദനത്തിൽ സ്വയംപര്യാപ്തത 76 ശതമാനമായി
text_fieldsസൗദിയിലെ ഒരു തക്കാളി തോട്ടം
യാംബു: തക്കാളി ഉൽപാദനത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചതായി സൗദി പരിസ്ഥിതി- ജല-കൃഷി മന്ത്രാലയം. കഴിഞ്ഞ വർഷം സൗദിയിലെ തക്കാളി ഉൽപാദനം 691.875 ടണിലധികം ആയിരുന്നുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിലൂടെ 76 ശതമാനം വരെ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതായി വിലയിരുത്തുന്നു. അതായത് രാജ്യത്തിന് ആവശ്യമുള്ള തക്കാളി സ്വന്തമായി തന്നെ ഉൽപാദിക്കപ്പെടുന്ന സ്ഥിതിയിലേക്ക് മെച്ചപ്പെട്ടു.
ആഭ്യന്തര കാർഷികമേഖലയിലെ വളർച്ചയും തദ്ദേശീയ ആവശ്യങ്ങൾ നിറവേറ്റാനുള്ള അതിന്റെ ശേഷിയെയും പ്രതിഫലിപ്പിക്കുന്നതാണിത്. കാർഷിക മന്ത്രാലയം നടത്തുന്ന ‘നമ്മുടെ ഭൂമിയിൽനിന്നുള്ള നമ്മുടെ യാത്ര’ എന്ന കാമ്പയിനിടയിലാണ് ഈ നേട്ടമെന്നത് സ്വന്തം കാർഷികമേഖലയെക്കുറിച്ച് ആത്മവിശ്വാസം വർധിപ്പിക്കുന്നതാണെന്ന് അധികൃതർ വിലയിരുത്തുന്നു. രാജ്യത്തെ ഉപഭോക്താക്കളോട് പ്രാദേശിക ഉൽപന്നങ്ങളെ കൂടുതൽ ആശ്രയിക്കാൻ ആവശ്യപ്പെടുന്നതാണ് ഈ കാമ്പയിൻ.
പ്രഫഷനൽ കൃഷിത്തോട്ടങ്ങളിലെ തക്കാളി വാർഷികോൽപാദനം പ്രതിവർഷം 392. 294 ടണും വീടുകളോട് ചേർന്നുള്ള ഹരിത തോട്ടങ്ങളിലെ വിളവെടുപ്പ് 299.581 ടണും കവിഞ്ഞതായുമാണ് കണക്കുകൾ പറയുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. റമദാനിൽ വർധിക്കുന്ന പച്ചക്കറികളുടെ ആവശ്യം മുൻകൂട്ടിക്കണ്ട് അതിനുള്ള പ്രതിവിധി നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. അതുവഴി രാജ്യത്ത് ഭക്ഷ്യസുരക്ഷയെ പിന്തുണക്കാനും സാധിച്ചു. ഉൽപാദന നിലവാരം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ആധുനിക കാർഷിക രീതികൾ സ്വീകരിക്കാൻ മന്ത്രാലയം കർഷകരോട് അഭ്യർഥിച്ചു.
കർഷകരെ പിന്തുണക്കുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ജല ഉപഭോഗം കുറക്കുന്നതിനും കാർഷിക സുസ്ഥിരത വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതിനും വിവിധ പദ്ധതികൾ മന്ത്രാലയം പ്രാവർത്തികമാക്കിയതും വിജയം കണ്ടു. ഹരിതഗൃഹങ്ങൾ, ഹൈഡ്രോ പോണിക്സ് കൃഷി പദ്ധതികൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാർഷിക മേഖല കൂടുതൽ സമ്പന്നമാക്കാൻ കഴിയുന്നതായി മന്ത്രാലയം വിലയിരുത്തുന്നു.
റമദാനിൽ ഉപഭോഗ നിരക്ക് വർധിക്കുന്നതിനാൽ ഭക്ഷണം പാഴാക്കുന്നത് കുറക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽ കാർഷിക മേഖല വികസിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കിയ വിവിധ പദ്ധതികൾ വിജയം കാണുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.