‘വേൾഡ് എക്സ്പോ 2030’ ആതിഥേയത്വം വഹിക്കാൻ തയാറെന്ന് സൗദി
text_fieldsറിയാദ്: വേൾഡ് എക്സ്പോ 2030 ന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ താൽപര്യം സൗദി അറേബ്യ യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയെ അറിയിച്ചു. സൗദിയെ അന്താരാഷ്ട്ര തലത്തിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള രാജ്യമാക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമാണ് ‘റിയാദ് എക്സ്പോ 2030’ നടത്താനുള്ള തീരുമാനമെന്ന് ടെക്നിക്കൽ ഡയറക്ടർ അബ്ദുൽ അസീസ് അൽഗന്നം പറഞ്ഞു. എക്സ്പോക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം കൈവന്നാൽ ‘എല്ലാവർക്കും അഭിവൃദ്ധി’, ‘കാലാവസ്ഥ പ്രവർത്തനം’, ‘വ്യത്യസ്തമായ നാളെ’ എന്നീ വിഷയങ്ങളെ അധികരിച്ചാവും പരിപാടികൾ.
ശാസ്ത്രസമ്പന്നവും സമാധാനപരവുമായ ഒരു ഭൂമിയെ കൈവരിക്കാനും വരും തലമുറക്ക് അവ കൈമാറാനുമുള്ള പരിശ്രമങ്ങൾ, അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിച്ച് കാലാവസ്ഥ വ്യതിയാനത്തിന് ക്രിയാത്മകമായ പരിഹാരങ്ങൾ നിർദേശിക്കുക, വ്യക്തികൾക്കും സമൂഹത്തിനുമായി ശാസ്ത്രവും നൂതനാശയങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്താൻ പുതിയ ഉപകരണങ്ങൾ വികസിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
റിയാദ് എക്സ്പോ 2030 രാജ്യത്തിന്റെ നാഗരികത, സമ്പന്നമായ പൈതൃകം, പുരാതന പാരമ്പര്യങ്ങൾ, സാംസ്കാരിക നിധികൾ എന്നിവ അനുഭവങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. റിയാദ് എക്സ്പോയിൽ രാജ്യത്തിന്റെ അഭിലാഷ ലക്ഷ്യങ്ങളെക്കുറിച്ചും പ്രധാന വികസനപദ്ധതികളെക്കുറിച്ചും യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയിലെ അംഗങ്ങൾക്ക് ഡയറക്ടർ അബ്ദുൽ അസീസ് അൽഗന്നം വിവരിച്ചു.
സുസ്ഥിര പദ്ധതികൾ, ശുദ്ധമായ ഊർജം, വിഭവശേഷിയുടെ ഉയർന്ന നിലവാരം, ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വിശദമായ തന്ത്രങ്ങൾ, ഭക്ഷണം പാഴാക്കൽ ഇല്ലാതാക്കൽ, ഹരിത മാലിന്യ സംസ്കരണം, പുനരുപയോഗം എന്നിവയെക്കുറിച്ചുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം വിവരിച്ചു.
യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഈ മാസം 10 മുതൽ 25 വരെ റിയാദിൽ ‘ദീർഘ ദൃഷ്ടിയുള്ള നാളേക്ക് വേണ്ടി ഒരുമിച്ച്’ എന്ന വിഷയത്തിലൂന്നി നടക്കുന്ന ലോക പൈതൃക സമിതിയുടെ സമ്മേളനത്തിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിക്ക് സ്വീകരണം നൽകിയത്. അന്താരാഷ്ട്ര എക്സിബിഷന് ആതിഥേയത്വം വഹിക്കാനും വേൾഡ് എക്സ്പോയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനകരവും അഭൂതപൂർവമായ പതിപ്പ് അവതരിപ്പിക്കാനും തലസ്ഥാനം പൂർണമായും തയാറാണെന്നും അൽഗന്നം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.