വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഈ വർഷം ഹജ്ജിന് അനുമതിയുണ്ടാകും
text_fieldsജിദ്ദ: ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജിന് അനുമതി നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി. കോവിഡ് സാഹചര്യത്തിൽ നടക്കുന്ന ഹജ്ജിന് കഴിഞ്ഞ തവണത്തേതു പോലെ പ്രത്യേകമായ ക്രമീകരണങ്ങളാണ് നടത്തി വരുന്നത്. കോവിഡ് ഭയാശങ്കകൾക്കിടയിൽ തന്നെയാണ് ഈ തവണയും ഹജ്ജ് കർമ്മങ്ങൾ നടക്കുക.
കഴിഞ്ഞ വർഷം ആഭ്യന്തര തീർത്ഥാടകരായ ആയിരത്തോളം പേർക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചിരുന്നത്. പ്രത്യേകം അപേക്ഷ ക്ഷണിച്ചു അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കായിരുന്നു അവസരം. ഇവരിൽ മലയാളികളുൾപ്പെടെയുള്ള വിദേശികളുമുണ്ടായിരുന്നു. എന്നാൽ ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നും നേരിട്ട് തീർത്ഥാടകർക്ക് ഹജ്ജ് കർമ്മത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചർച്ചകളുമാണ് നടന്ന് വരുന്നത്. എന്നാൽ വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിച്ചാലും ഇവരിൽ ഇന്ത്യക്കാർ ഉൾപ്പെടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നിലവിൽ തുടരുന്ന നേരിട്ടുള്ള വിമാനസർവീസ് വിലക്കാണ് കാരണം. അതേ സമയം കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും ഇത്തവണത്തെ ഹജ്ജിന് അനുമതി ലഭിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് രാജ്യത്തെ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. വിദേശത്തു നിന്നും എത്തുന്നവർക്കുള്ള കോവിഡ് വാക്സിൻ അതാത് നാടുകളിൽ നിന്ന് തന്നെ എടുക്കേണ്ടതുണ്ടോ അതോ സൗദിയിലെത്തിയതിന് ശേഷം നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേകമായ മെഡിക്കൽ സന്നാഹം മക്കയിലും മദീനയിലുമുണ്ടാകും. ഹാജിമാരെത്തുന്നതു മുതൽ മടങ്ങിപ്പോകും വരെ സേവനം വേണ്ടതിനാൽ ആവശ്യമായ മെഡിക്കൽ സജ്ജീകരണത്തിന് ഹജ്ജ് ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപിച്ചാണ് പ്രവർത്തനം.തീർത്ഥാടകർക്കാവശ്യമായ സേവനം ചെയ്യുന്നതിനെത്തുന്ന ആരോഗ്യ പ്രവർത്തകരുടേയും ജീവനക്കാരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ പുണ്യ സ്ഥലങ്ങളിലെത്തിക്കൂ. ജൂലൈ മാസത്തിൽ നടക്കുന്ന ഹജ്ജിന് മുന്നോടിയായി സൗയിൽ വാക്സിൻ വിതരണം വലിയ അളവിൽ പൂർത്തിയാക്കാനാകും വിധമാണ് വിതരണം നടന്ന് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.