2.8 കിലോമീറ്റർ നീളത്തിൽ ഇഫ്താർ വിരുന്ന്, പങ്കെടുത്തത് 20,000ലധികം പേർ; സൗദിക്ക് വീണ്ടും ലോക റെക്കോഡ്
text_fieldsറിയാദ്: ഏറ്റവും നീളമുള്ള ഇഫ്താർ ടേബിൾ ഒരുക്കിയതിന് സൗദിക്ക് വീണ്ടും ലോക റെക്കോഡ്. വിവിധ രാജ്യങ്ങളിൽ നോമ്പ് തുറപ്പിക്കുന്നതിനുള്ള ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായി ഇന്തോനേഷ്യയിൽ ഒരുക്കിയ സമൂഹ നോമ്പുതുറയാണ് ആസിയാൻ രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇഫ്താർ എന്ന നിലയിൽ പുതിയ റെക്കോഡ് സൃഷ്ടിച്ചത്. സൗദി മതകാര്യ വകുപ്പാണ് സംഘാടകർ. ‘മോറി’ എൻസൈക്ലോപീഡിയ ഓഫ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റ് രണ്ടാം തവണയാണ് സൗദി അറേബ്യ ഒരുക്കുന്ന ഇഫ്താറിന് ലഭിക്കുന്നത്. ഇന്തോനേഷ്യയിലെ സോളോ നഗരത്തിലുള്ള ‘മനഹൻ’ സ്‌പോർട്‌സ് ട്രാക്കിൽ 2800 മീറ്റർ നീളത്തിലായിരുന്നു ഇഫ്താർ ടേബിൾ. 20,000ലധികം ആളുകൾ സമൂഹ നോമ്പുതുറയിൽ പെങ്കടുത്തു.
ഇസ്‌ലാമിക സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നത് കൂടിയായിരുന്നു സമൂഹ ഇഫ്താർ. ഗവർണർ, രാഷ്ട്രീയ, മതനേതാക്കൾ, പണ്ഡിതർ, ജീവകാരുണ്യ പ്രവർത്തകർ എന്നിവരും പങ്കെടുത്തു. 590 തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും മേൽനോട്ടത്തിൽ 20 പ്രാദേശിക റെസ്റ്ററൻറുകൾ ഇഫ്താർ മേശ തയാറാക്കുന്നതിൽ പങ്കെടുത്തു.
മഴയിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള കുടകൾ, 15 ആംബുലൻസുകൾ, ശുചീകരണ, ഓപ്പറേറ്റിങ് സേവനങ്ങൾ, ജനത്തിെൻറ സുരക്ഷക്കും സംഘാടനത്തിനുമായി സെക്യൂരിറ്റി സംവിധാനം എന്നിവ ട്രാക്കിലുടനീളം സജ്ജീകരിച്ചു. ഈ പരിപാടിയുടെ പ്രചരണാർത്ഥം പരസ്യ ബിൽബോർഡുകൾ സോളോ നഗരത്തിൽ ഉടനീളം സ്ഥാപിച്ചിരുന്നു. ഇന്തോനേഷ്യൻ മാധ്യമങ്ങൾ ‘സ്നേഹത്തിെൻറയും ഇസ്‌ലാമിക സാഹോദര്യത്തിെൻറയും സന്ദേശം’ എന്നാണ് വിശേഷിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സൗദി അറേബ്യയുടെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും ഇസ്‌ലാമിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ജനങ്ങൾ തമ്മിലുള്ള സാഹോദര്യബന്ധം ശക്തിപ്പെടുത്തുന്നതാണെന്നും പലരും പ്രശംസിച്ചു.
ഭരണകൂട നിർദേശങ്ങൾക്ക് അനുസൃതമായി ഏറ്റവും ഉയർന്ന നിലവാരമുള്ള പരിപാടികൾ നടപ്പാക്കാനുള്ള സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖിെൻറ നേതൃത്വത്തിലുള്ള മന്ത്രാലയത്തിെൻറ താൽപര്യവുമാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാനായതെന്ന് സൗദി മതകാര്യ വകുപ്പ് വക്താവ് അബ്ദുല്ല അൽ അനസി പറഞ്ഞു. ജക്കാർത്തയിലെ സൗദി എംബസി മതകാര്യവകുപ്പ് അറ്റാഷെ, മതകാര്യ മന്ത്രാലയം, വിവിധ ഇന്തോനേഷ്യൻ സംസ്ഥാനങ്ങളിലെ ഔദ്യോഗിക അസോസിയേഷനുകൾ എന്നിവയുടെ സംയുക്തസഹകരണത്തിലാണ് ഇഫ്താർ ഒരുങ്ങിയത്.
മാനുഷിക പദ്ധതികളിലൊന്നാണ് നോമ്പുകാർക്ക് നോമ്പ് തുറക്കാനുള്ള ഖാദിമുൽ ഹറമൈൻ പദ്ധതിയെന്ന് അൽഅനസി ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള 61ലധികം രാജ്യങ്ങൾ പദ്ധതിയിലുൾപ്പെടുന്നു. ഈന്തപ്പഴം 102 രാജ്യങ്ങളിലും ഖുർആൻ 45 രാജ്യങ്ങളിലും വിതരണം ചെയ്യുന്നു. ഇത് ഇസ്ലാമിനെയും മുസ്ലിംകളെയും പിന്തുണയ്ക്കുന്നതിലും ആഗോളതലത്തിൽ ഇസ്‌ലാമിക ഐക്യം ശക്തിപ്പെടുത്തുന്നതിലും സൗദിയുടെ മുൻനിര പങ്കിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് സർക്കാർ വക്താവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.