വനിതാ ഏഷ്യൻ കപ്പ് 2026-ന് ആതിഥേയത്വം വഹിക്കാൻ സൗദി ലേലകരാർ സമർപ്പിച്ചു
text_fieldsജുബൈൽ: ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) വനിത ഏഷ്യൻ കപ്പ് 2026ന് ആതിഥേയത്വം വഹിക്കാനുള്ള ലേല കരാർ സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) സമർപ്പിച്ചു.
മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിലെ എ.എഫ്.സിയുടെ ആസ്ഥാനത്ത് സൗദി പ്രതിനിധിസംഘത്തെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഏഷ്യൻ കപ്പ് ഹോസ്റ്റിങ് ഫയൽ ഡയറക്ടർ സ്വാഗതംചെയ്തു.
സൗദി വനിത ഫുട്ബാൾ ടീമിന്റെ ആദ്യ അസിസ്റ്റന്റ് കോച്ച് ഡോണ റജബ്, സൗദി ദേശീയ ടീം അംഗം റഗദ് ഹെൽമി, യുവതാരം മറിയ ബഗാഫർ എന്നിവർ കോൺഫെഡറേഷന് ലേലകരാർ കൈമാറി.ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തും മേഖലയിലും വനിത ഫുട്ബാളിന് പുതിയ ചക്രവാളങ്ങൾ തുറക്കുന്നുവെന്ന് സാഫ് ഡയറക്ടർ ബോർഡ് പ്രസിഡന്റ് യാസർ അൽ മിഷാൽ പറഞ്ഞു.
ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്നും ലോകമെമ്പാടുമുള്ള അതിഥികളെ സ്വാഗതം ചെയ്യുന്നതിനും ഏഷ്യൻ വനിത കപ്പ് വിജയകരമായി നടപ്പാക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിനുണ്ട്.
ഏറ്റവും ഉയർന്ന തലത്തിലുള്ള ആസൂത്രണം വഴി ഈ ടൂർണമെന്റിനായി നേരത്തേതന്നെ തയാറെടുത്തുകഴിഞ്ഞു. സൗദി ഫയൽ സമഗ്രവും 2026ലെ വനിത ഏഷ്യൻ കപ്പ് ഫൈനലുകളെ സമ്പന്നമാക്കുന്ന വിശദാംശങ്ങളാൽ നിറഞ്ഞതുമാണ്. വനിതകളുടെ ഏഷ്യൻ കപ്പ് 2026 ഫൈനൽ ആതിഥേയത്വം വഹിക്കുന്നതിലൂടെ സൗദി ഫെഡറേഷന് വനിത ഫുട്ബാളിന്റെ വിശിഷ്ടമായ പതിപ്പ് അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
സൗദി ഫുട്ബാൾ അസോസിയേഷന്റെ ലേലകരാറിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യം ആതിഥേയത്വം വഹിച്ചതും ആഗോള അംഗീകാരം നേടിയതുമായ കായിക മത്സരങ്ങൾ സംബന്ധിച്ച വിശദ റിപ്പോർട്ട് ചേർത്തിട്ടുണ്ട്. ജോർഡൻ, ആസ്ട്രേലിയ, ഉസ്ബകിസ്താൻ എന്നി രാജ്യങ്ങളുമായാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.