സ്ഥാപകദിനം ആഘോഷിക്കാനൊരുങ്ങി സൗദി
text_fieldsറിയാദ്: രാജ്യം സ്ഥാപിക്കപ്പെട്ടതിന്റെ വാർഷിക ദിനം ആഘോഷിക്കാൻ ഒരുങ്ങി സ്വാഭിമാനം സൗദി അറേബ്യ. നാടും നഗരവും സ്വദേശികളും വിദേശികളും ആഘോഷത്തിൽ പങ്കാളികളാവും. മൂന്ന് ശതാബ്ദങ്ങൾക്ക് മുമ്പ്, 1727 ന്റെ തുടക്കത്തിൽ (ഹിജ്റ വർഷം 1139 ന്റെ മധ്യത്തിൽ) ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാ വർഷവും ഫെബ്രുവരി 22 കൊണ്ടാടുന്നത്. കഴിഞ്ഞ വർഷമാണ് ആദ്യമായി ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. പൊതു അവധിയായും പ്രഖ്യാപിച്ചു.
നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് അബ്ദുൽ അസീസ് രാജാവ് സൗദി അറേബ്യയായി ഏകീകരിച്ചത് 1932 സെപ്റ്റംബർ 23നാണ്. ഈ ദിനമാണ് ദേശീയദിനമായി കൊണ്ടാടുന്നത്. മുമ്പ് ഈ ദിനം മാത്രമാണ് ആഘോഷിക്കുകയും പൊതു അവധിയാക്കുകയും ചെയ്തിരുന്നത്. 2005ൽ അബ്ദുല്ല രാജാവിന്റെ ഭരണകാലത്താണ് ദേശീയദിനം ആഘോഷിക്കാനും പൊതു അവധി നൽകാനും ഉത്തരവുണ്ടായത്. തുടർന്ന് എല്ലാ സെപ്റ്റംബർ 23നും രാജ്യം ദേശീയദിനം ആഘോഷിക്കാറുണ്ട്.
രാജ്യത്തിന്റെ ചരിത്രം ഓർമിപ്പിക്കലും ആധുനിക സൗദി അറേബ്യയിലേക്കുള്ള വഴി തെളിയിക്കലുമാണ് സ്ഥാപകദിനാഘോഷം. നാടൊട്ടുക്കും രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന പരിപാടികളുണ്ടാകും. അഭിമാനിക്കാൻ ഏറെ കാര്യങ്ങളുള്ള മാറ്റത്തിലൂടെയാണ് സൗദി ഇപ്പോൾ കടന്നുപോകുന്നത്.
ലോകത്തെ ആദ്യ കാർബൺരഹിത നഗരമായ ‘ദി ലൈൻ’ ഉൾപ്പെടെ അത്യാധുനിക പദ്ധതികൾ വഴി സൗദി അറേബ്യ ലോകത്തിന്റെ നെറുകയിൽ അഭിമാനകരമായി അടയാളപ്പെടുത്തപ്പെടുന്നതിന്റെ ചാരിതാർഥ്യത്തിലാണ് രാജ്യത്തെ പൗരന്മാരും വിദേശികളും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തിന്റെ പരിവർത്തന പദ്ധതിയായി പ്രഖ്യാപിച്ച വിഷൻ 2030 രാജ്യത്ത് വിപ്ലവകരമായ മാറ്റത്തിന് നാന്ദി കുറിക്കുകയായിരുന്നു. തൊഴിലവസരങ്ങൾ ഗണ്യമായി പെരുകുകയും സ്ത്രീകൾ ഉൾപ്പടെയുള്ള സംരംഭകർക്കും ഉദ്യോഗാർഥികൾക്കും മികച്ച സാധ്യതകൾ ഉണ്ടാകുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമാകുകയും ചെയ്ത പദ്ധതി രാജ്യത്തെ സ്വദേശികളും വിദേശികളും സ്വീകരിച്ചത് അവരുടെ ഹൃദയത്തിലേക്കാണ്. ആഘോഷം വർണാഭമാക്കാൻ ഒരുക്കം പൂർത്തിയായിക്കഴിഞ്ഞു.
പ്രധാന നഗരങ്ങളെല്ലാം ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കും. തലസ്ഥാന നഗരത്തിലെ വിനോദ സാംസ്കാരിക നഗരിയായ ബോളീവാർഡിൽ പ്രത്യേക ആഘോഷ പരിപാടികൾ അരങ്ങേറും. നഗരത്തിനകത്തും ഗ്രാമങ്ങളിലും സൗദിയുടെ ചരിത്രം പറയാനും അറിയാനും സംവാദ വേദികൾ ഒരുങ്ങും. സൗദിയിലെ പ്രധാന പൗരാണിക ചന്തകൾ വൈദ്യുതദീപങ്ങളാലും കൊടിതോരണങ്ങളാലും അലങ്കരിക്കപ്പെടും. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും സാമൂഹികവുമായ പൈതൃകം ഉയർത്തിപ്പിടിക്കുന്ന ഒട്ടനവധി പരിപാടികൾക്കും കലാപ്രകടനങ്ങൾക്കും വിവിധ പ്രവിശ്യകളിൽ അരങ്ങൊരുങ്ങും.
ആഘോഷങ്ങളുടെ ഭാഗമാകാൻ ചെറുകിട, വൻകിട സ്ഥാപനങ്ങളും മറ്റ് സേവന മേഖലകളും അവരുടെ ഉൽപന്നങ്ങൾക്കും സേവനത്തിനും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങൾ, പഴയകാല ചിത്രങ്ങൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, അക്കാലത്തെ തെരുവ് ചന്തയുടെ ചിത്രം തുടങ്ങി പഴയ സൗദിയിലേക്ക് ശ്രദ്ധ തിരിക്കുന്ന ചിഹ്നങ്ങൾ ട്വിറ്റർ, സ്നാപ്ചാറ്റ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.