യു.എൻ ലോക ടൂറിസം കൗൺസിൽ അധ്യക്ഷ പദവിയിലേക്ക് സൗദി അറേബ്യ
text_fieldsറിയാദ്: യു.എൻ ലോക ടൂറിസം എക്‌സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷ പദവിയിലേക്ക് സൗദി അറേബ്യ തെരഞ്ഞെടുക്കപ്പെട്ടു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മൊറോക്കോയിലെ മറാക്കിഷിൽ നടന്ന യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ല്യു.ടി.ഒ) 117-ാമത് സെഷൻ അതിെൻറ എക്സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷ പദവിയിലേക്ക് സൗദി അറേബ്യയെ തെരഞ്ഞെടുത്തതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. കൗൺസിൽ അധ്യക്ഷ പദവി വഹിക്കുന്ന ആദ്യ ഗൾഫ് രാജ്യമായി സൗദി അറേബ്യ.
ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും രാജ്യം ഇതിൽ അഭിമാനിക്കുന്നതായും സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ-ഖത്വീബ് പറഞ്ഞു. 'വിനോദസഞ്ചാര മേഖലയുടെ തേരാളിയാവുക എന്നതിന്റെ പ്രാധാന്യം ഞങ്ങൾ മനസിലാക്കുന്നു. മറ്റ് രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് ആഗോള ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടി ഞങ്ങളാലാവുന്നത് ചെയ്യും' -അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മേഖലയെന്ന നിലക്ക് അതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 'വിഷൻ 2030'-ന്റെ ഭാഗമായി ടൂറിസം മേഖലയിൽ 8,000 കോടി ഡോളർ സർക്കാർ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച രാജ്യമാണ് തങ്ങളുടേത്. സ്വകാര്യ നിക്ഷേപങ്ങൾ ഇതിന് പുറമെയാണ്. വിനോദ സഞ്ചാര വിഷയത്തിൽ ദേശീയ, അന്തർദേശീയ തലത്തിൽ ഞങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്ന വികസനം സുസ്ഥിരവും സമഗ്രവുമായിരിക്കും. സ്വകാര്യ മേഖലയുടെയും സമൂഹങ്ങളുടെയും മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവ പര്യാപ്തവുമായിരിക്കുമെന്ന് അൽ-ഖത്വീബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൗൺസിൽ യോഗങ്ങളുടെ അജണ്ട നിശ്ചയിക്കുന്നതിലും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലും അധ്യക്ഷ പദവിയിലുള്ള രാജ്യമെന്ന നിലയിൽ സൗദി ശ്രദ്ധ കേന്ദ്രീകരിക്കും. ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന് യോഗങ്ങൾ സുഗമമാക്കുകയും സംഭാഷണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
അന്താരാഷ്ട്ര സമാധാനം കൈവരിക്കുന്നതിനും ധാരണകൾ ഏകീകരിക്കുന്നതിനും സാമ്പത്തിക വികസനവും അന്താരാഷ്ട്ര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗമായി ടൂറിസത്തെ വികസിപ്പിക്കുക എന്ന ദൗത്യം സംഘടനയുടെ നേതൃപദവി ഏല്പിക്കപ്പെട്ട രാജ്യമെന്ന നിലയിൽ ഏറ്റെടുക്കുന്നു -സൗദി ടൂറിസം മന്ത്രി കൂട്ടിച്ചേർത്തു.
ജനറൽ അസംബ്ലി കഴിഞ്ഞാൽ സംഘടനയിലെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സ്ഥാപനമാണ് എക്സിക്യൂട്ടീവ് കൗൺസിൽ. 2023 അവസാനം വരെ സൗദി അറേബ്യ ഈ സ്ഥാനം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.