സൗദിക്കകത്ത് നിന്നുള്ളവർക്ക് ഉംറ പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി
text_fieldsജിദ്ദ: സൗദിക്കകത്ത് നിന്നുള്ളവർക്ക് ഇഅ്തമർനാ, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി ഉംറ പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി. ഞായറാഴ്ച മുതൽ ബുക്ക് ആപ്പുകൾ വഴിബുക്ക് ചെയ്യുന്നവർക്കാണ് പെർമിറ്റുകൾ ലഭിച്ച് തുടങ്ങിയത്. പുതിയ ഉംറ സീസണ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ഉംറ പെർമിറ്റുകൾ വീണ്ടും അനുവദിച്ച് തുടങ്ങിയത്.
ജൂലൈ 30 (മുഹർറം ഒന്ന്) മുതലുള്ള പെർമിറ്റുകളാണ് അനുവദിച്ച് തുടങ്ങിയത്. രാത്രി 12 മുതൽ രണ്ട് മണിക്കൂർ വീതമുള്ള 12 ബാച്ചുകളായാണ് ഉംറക്കുള്ള സമയം ക്രമകീരിച്ചിട്ടുള്ളത്. തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴിയാണ് ഉംറ പെർമിറ്റുകൾ നേടേണ്ടത്. ഉംറ നിർവഹിക്കുന്നതിനും മദീനയിൽ റൗദാ ശരീഫിൽ നമസ്കരിക്കുന്നതിനും മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂ. മക്ക, മദീന ഹറം പള്ളികളിൽ നമസ്കരിക്കുന്നതിനോ, മദീനയിൽ പ്രവാചകന്റെ ഖബറിടത്തിൽ സലാം പറയുന്നതിനോ മറ്റു ആരാധനാകർമങ്ങൾക്കോ പെർമിറ്റ് ആവശ്യമില്ല.
ഹജ്ജിന്റെ ഭാഗമായി ജൂൺ 23 മുതലാണ് താൽക്കാലികമായി ഉംറ കർമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഹജ്ജ് തീർഥാടകർക്ക് സുഗമമായും ആശ്വാസത്തോടെയും കർമങ്ങൾ നിർവഹിക്കാൻ സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും മുഹർറം ഒന്ന് മുതൽ ഉംറ കർമങ്ങൾ നിർവഹിക്കാൻ അനുമതിയുണ്ട്. ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റെടുത്താണ് ഉംറ കർമങ്ങൾക്ക് വരേണ്ടത്. പെർമിറ്റെടുക്കാതെ ഉംറക്കെത്തുന്നത് കുറ്റകരമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
സൗദിക്ക് പുറത്തുനിന്ന് വരുന്ന തീർഥാടകർക്ക് വിസ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ജൂലൈ 14 മുതൽ സ്വീകരിച്ചു തുടങ്ങിയിരുന്നു. പുതിയ ഉംറ സീസണിൽ ഒരു കോടിയോളം തീർഥാടകരെത്തുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.