ആഗോള താപനം കുറക്കൽ: മധ്യപൗരസ്ത്യ മേഖലയെ ഹരിതവത്കരിക്കാൻ സൗദി
text_fieldsജിദ്ദ: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മധ്യപൗരസ്ത്യ മേഖലയുടെ കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനും അന്തരീക്ഷതാപനം കുറയ്ക്കുന്നതിനുമുള്ള ഹരിതവത്കരണ സംരംഭങ്ങൾക്ക് നേതൃത്വം നൽകാൻ സൗദി അറേബ്യ. അടുത്ത വർഷം ഒക്ടോബറിൽ രാജ്യ തലസ്ഥാനമായ റിയാദിൽ 'സൗദി ഗ്രീൻ ഇനീഷ്യേറ്റിവ് ഫോറം', 'ഗ്രീൻ മിഡിൽ ഇൗസ്റ്റ് ഇനീേഷ്യറ്റിവ് സമ്മിറ്റ്' എന്നിവയുടെ ഉദ്ഘാടനം നടക്കും.
കാലാവസ്ഥയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളോടൊപ്പം സൗദിയുടെയും പ്രയത്നങ്ങൾ തുടരുകയാണ്. ആഗോള താപനം കുറക്കാൻ ലോകതലത്തിൽ നടക്കുന്ന ഹരിതവത്കരണ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടും സംഭാവനയുമാകുന്ന രണ്ട് സുപ്രധാന സംരംഭങ്ങൾക്കാണ് ഒക്ടോബർ 23 മുതൽ 25 വരെ സൗദി അറേബ്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്.
മാർച്ച് അവസാനത്തിലാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രണ്ട് സംരംഭങ്ങളും പ്രഖ്യാപിച്ചത്.
കാലാവസ്ഥ വ്യതിയാനം, ഭൂമിയുടെയും പ്രകൃതിയുടെയും സംരക്ഷണം, ആഗോള ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ശക്തവും ഫലപ്രദവുമായ സംഭാവന നൽകൽ, പ്രാദേശികമായും അന്തർദേശീയമായും കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ ഏകോപിപ്പിച്ച് നേരിടുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകൽ എന്നീ ലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് ഇങ്ങനെ രണ്ട് പരിസ്ഥിതി സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറത്തിലും ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റിവ് സമ്മിറ്റിലും പങ്കെടുക്കാൻ നിരവധി രാഷ്ട്രത്തലവന്മാരെയും വിവിധ ഗവൺമെൻറുകളിലെ ഉത്തരവാദപ്പെട്ടവരെയും സൗദി അറേബ്യ റിയാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിലെ സി.ഇ.ഒമാർ, നിരവധി അന്താരാഷ്ട്ര സംഘടന മേധാവികൾ, അക്കാദമിക് വിദഗ്ധർ, പരിസ്ഥിതി മേഖലയിലെ വിദഗ്ധർ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിരെയും ക്ഷണിച്ചിട്ടുണ്ട്. മേഖലയിൽ 50 ശതകോടി മരങ്ങൾ നട്ടുപിടിപ്പിക്കുക, കാർബൺ ഉദ്വമനം കുറക്കുക എന്നിവയാണ് ഗ്രീൻ സൗദി, മിഡിൽ ഇൗസ്റ്റ് സംരംഭങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലും മറികടക്കുന്നതിലും പ്രാദേശികമായും അന്തർദേശീയമായുമുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിെൻറ ഗൗരവമേറിയ പരിശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. മേഖലയിലെയും ലോകത്തെയും ജനങ്ങളുടെ പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭൂമിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കുക കൂടിയാണ് രണ്ട് സംരംഭങ്ങളിലൂടെയും സൗദി അറേബ്യ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.