2030ഓടെ സൗദിയിൽ 59 ലോജിസ്റ്റിക് സോണുകൾ
text_fieldsജിദ്ദ: 2030ഓടെ സൗദിയിൽ 59 ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കുകയും തുറമുഖങ്ങളുടെ ശേഷി നാലു കോടി കണ്ടെയ്നറുകളായി ഉയർത്തുകയും ചെയ്യുമെന്ന് ഗതാഗത, ലോജിസ്റ്റിക് ഡെപ്യൂട്ടി മന്ത്രിയും ഗതാഗത പൊതു അതോറിറ്റി ആക്ടിങ് ചെയർമാനുമായ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ് പറഞ്ഞു. സമുദ്ര മേഖലയുടെ നേട്ടങ്ങൾ പരിചയപ്പെടുത്തുന്നതിനായി പൊതുഗതാഗത അതോറിറ്റി ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2030ഓടെ ലോജിസ്റ്റിക് സേവന സൂചികയിലെ ആദ്യ 10 രാജ്യങ്ങളിൽ ഒന്നാകാനാണ് സൗദി ലക്ഷ്യമിടുന്നത്. സമുദ്ര പരിസ്ഥിതിയെ പിന്തുണക്കുന്നതിൽ സൗദി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കാലാവസ്ഥ, സഹകരണം, കടൽ ഗതാഗതം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെക്കുറിച്ച് അംഗരാജ്യങ്ങളുമായും സംഘടനയുമായും ഇൻറർനാഷനൽ മാരിടൈം ഓർഗനൈസേഷനുമായുള്ള സഹകരണത്തിന്റെ ട്രാക്കുകൾ സജീവമായി പിന്തുടരുന്നതിൽ സന്തോഷമുണ്ട്.
2023 സെപ്റ്റംബർ നാലു മുതൽ ആറു വരെയുള്ള കാലയളവിൽ ‘ഇന്നവേഷൻ ഫോർ എ ഗ്രീനർ ഫ്യൂച്ചർ’ എന്ന തലക്കെട്ടിൽ മാരിടൈം ഇൻഡസ്ട്രി സുസ്ഥിരത സമ്മേളനം നടത്തുമെന്നും അൽറുമൈഹ് പറഞ്ഞു. ബ്രിട്ടനിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താന്റെ സാന്നിധ്യത്തിലാണ് സൗദി സമുദ്ര മേഖലയിൽ നേടിയ നേട്ടങ്ങളും സംരംഭങ്ങളും വിശദീകരിക്കുന്നതിനുള്ള പരിപാടി സംഘടിപ്പിച്ചത്. സമുദ്ര മേഖലയിൽ സൗദി അറേബ്യ കൈവരിച്ച മഹത്തായ നേട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന ചടങ്ങിൽ പങ്കെടുക്കാനായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
‘വിഷൻ 2030’ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സൗദിയുടെ ഉറച്ചതും ആഴത്തിലുള്ളതുമായ പ്രതിബദ്ധതയാണ് കൈവരിച്ച പുരോഗതികൾ സൂചിപ്പിക്കുന്നത്. ലോജിസ്റ്റിക് സേവന മേഖലയിലെ വൻ വികസനവും ഇൻറർനാഷനൽ മാരിടൈം ഓർഗനൈസേഷനുമായുള്ള അടുത്ത സഹകരണവും ഉൾപ്പെടെയുള്ള നേട്ടങ്ങൾ രാജ്യത്തിന് കൈവരിക്കാനായിട്ടുണ്ട്. സമുദ്ര പരിസ്ഥിതിയെ പിന്തുണക്കുന്നത് സൗദിയുടെ അതിമോഹമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള യാത്രയിലെ ഒരു സുപ്രധാന ഘട്ടത്തെ പ്രതിനിധാനം ചെയ്യുകയാണെന്നും അംബാസഡർ പറഞ്ഞു. നിരവധി അംബാസഡർമാരും പ്രതിനിധികളും ഇൻറർനാഷനൽ മാരിടൈം ഓർഗനൈസേഷൻ അംഗങ്ങളും വിദഗ്ധരും പരിപാടിയിൽ പെങ്കടുത്തു. സ്വീകരണ ചടങ്ങിനോടനുബന്ധിച്ച് ഒരു പ്രദർശനത്തിൽ സൗദി അറേബ്യ സമുദ്ര മേഖലയിൽ നേടിയ നിരവധി നേട്ടങ്ങളും സംരംഭങ്ങളും അവതരിപ്പിച്ചു.
മാരിടൈം അക്കാദമിക്ക് പുറമെ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം, സൗദി റോയൽ നേവി, സൗദി ബോർഡർ ഗാർഡ്, സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, തുറമുഖ ജനറൽ അതോറിറ്റി, ചെങ്കടൽ സൗദി അതോറിറ്റി, നിയോം കമ്പനി തുടങ്ങിയ സർക്കാർ ഏജൻസികളും അതോറിറ്റികളും പ്രദർശനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.