മാറ്റങ്ങളെ നേട്ടങ്ങളാക്കാൻ സൗദി അറേബ്യ
text_fieldsദമ്മാം: ഒരു നൂറ്റാണ്ട് പിന്നിടുന്ന ഒരു രാജ്യത്തിന്റെ ചരിത്രപഥങ്ങളിൽ പുതിയ നേട്ടങ്ങൾ എഴുതിച്ചേർക്കാൻ പ്രതീക്ഷയോടെ സൗദി താരങ്ങളും പാരിസിൽ നടക്കുന്ന ലോക കായിക മാമാങ്കത്തിലെത്തി. ഒളിമ്പിക്സിൽ ഇതുവരെ സ്വർണം നേടിയിട്ടില്ലാത്ത സൗദി അറേബ്യ ഇത്തവണ നിരവധി മുന്നൊരുക്കങ്ങളോടെയും ഏറെ പ്രതീക്ഷകളോടെയുമാണ് സെൻ നദിക്കരയിലേക്കെത്തിയത്.
ഇത്തവണ ഷോ ജംപിങ്,തൈക്വാൻഡോ തുടങ്ങിയ ഇനങ്ങളിലെങ്കിലും സ്വർണം അറബ് നാട്ടിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.
നിരവധി മാറ്റങ്ങളും നേട്ടങ്ങളും കൊണ്ട് ദിനം പ്രതി ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന സൗദി ലോകം ഒരുമിക്കുന്ന ഒളിമ്പിക്സ് വേദിയിലും വ്യത്യസ്തതകൊണ്ട് ശ്രദ്ധേയരായി.
ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കാണികളെ സാക്ഷിനിർത്തി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ വെള്ളിയാഴ്ച വൈകീട്ട് പാരിസിലെ സെൻ നദിയുടെ തീരത്ത് ഒളിമ്പിക് ഗെയിംസ് ഉദ്ഘാടനം ചെയ്തപ്പോൾ സൗദിയുടെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ഉദ്ഘാടനച്ചടങ്ങിൽ രാജ്യത്തിന്റെ പ്രതിനിധികൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
താമസിയാതെ യൂറോപ്പിനെ മറികടക്കുന്ന രാജ്യമായി സൗദിയെ മാറ്റുമെന്നുള്ള കിരീടാവകാശിയുടെ പ്രഖ്യാപനം സൗദിയുടെ പരിവർത്തനത്തിന്റെ മുദ്രാവാക്യമാണെന്ന് തിരിച്ചറിയുന്ന രൂപത്തിലാണ് സകല മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ. ഇതുവരെ മത്സരിച്ച രീതിയിലല്ല സൗദി താരങ്ങൾ ഇത്തവണ ലോക കായിക വേദിയിലേക്ക് എത്തുന്നത്. ഏത് അന്താരാഷ്ട്ര താരങ്ങളുമായി മാറ്റുരക്കാൻ പാകത്തിൽ കഴിവ് തെളിയിച്ചു തന്നെയാണ് താരങ്ങളുടെ വരവ്.
പലയിനങ്ങളിലും സൗദിയെ പ്രതിനിധീകരിക്കുന്നത് വനിതകളാണെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല സൗദി യുവത്വം പുതിയ പോരാട്ടവീര്യം പേറുന്നതിന്റെ കരുത്ത് ലോകം ഒളിമ്പിക്സിലൂടെ അറിയും. ഞായറാഴ്ച ഉച്ചക്ക് 12ന് ഫ്രീസ്റ്റൈൽ നീന്തൽ മത്സത്തിൽ 17 കാരിയായ മിഷേൽ അൽഅയ്ദ് സൗദിക്ക് വേണ്ടി പോരിനിറങ്ങും. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ വനിത നീന്തൽ താരമാണ് അൽ അയ്ദ്.
ചൊവ്വാഴ്ച ഉച്ചക്ക് 12ന് 100 മീ. ഫ്രീസ്റ്റൈൽ നീന്തലിൽ സായിദ് അൽ സർരാജും മത്സരിക്കും. 16കാരനായ അൽ സർരാജ് ഇത്തവണത്തെ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സൗദി കായിക താരമാണ്. ഭാരോദ്വഹന മത്സരത്തിൽ മുഹമ്മദ് ടോളോ ആണ് സൗദിക്ക് വേണ്ടി മത്സരിക്കാനിറങ്ങുന്നത്.
അതേ ദിവസം വീണ്ടും സൗദിയുടെ പെൺകരുത്തായി 100 മീ. അത്ലറ്റിക്സിൽ ഹിബ മാലിം മത്സരിക്കും. അബ്ദുല്ല അൽ ഷർബത്ലി, റംസി അൽ ദുഹാമി, ഖാലിദ് അൽ മോബ്തി, അബ്ദുറഹ്മാൻ അൽരാജ്ഹി എന്നിവരടങ്ങുന്ന സൗദി കുതിരസവാരി ടീം ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് 12നും അഞ്ചിന് വൈകീട്ട് അഞ്ചിനും ഷോ ജംപിങ് ഇനങ്ങളിൽ മത്സരിക്കും.
ആഗസ്റ്റ് ഏഴിന് രാവിലെ 10ന് 49 കിലോ വിഭാഗത്തിൽ ദുനിയ അബൂ തലേബ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് തൈക്വാൻഡോയിൽ മത്സരിക്കും. സൗദി അറേബ്യയിൽനിന്ന് നേരിട്ട് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിത അത്ലറ്റാണ് അബൂ തലേബ്. ആഗസ്റ്റ് മൂന്നിന് രാവിലെ 11.10ന് പോൾവാൾട്ട് മത്സരത്തിൽ ഹുസൈൻ അൽ ഹിസാമും സൗദിയെ പ്രതിനിധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.