പരസ്പര ബന്ധിത റോഡ് ശൃംഖലയുടെ കാര്യത്തിൽ സൗദി ലോകത്ത് ഒന്നാമത് -ഗതാഗതമന്ത്രി
text_fieldsറിയാദ്: പരസ്പര ബന്ധിത റോഡ് ശൃംഖലയുടെ കാര്യത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമതാണെന്ന് ഗതാഗത-ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർ പറഞ്ഞു. റിയാദിൽ നടന്ന റോഡ് സുരക്ഷ, സുസ്ഥിരത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പദ്ധതികളെ പിന്തുണക്കുന്നതിനും പ്രാപ്തമാക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാധ്യതകളിൽ ഒന്നാണിത്.
ഇത് സുരക്ഷയുടെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ‘റോഡ് കണക്ടിവിറ്റി’ കൈവരിക്കുകയും യാത്രക്കാരുടെയും ചരക്കുകളുടെയും സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. ആധുനിക സാങ്കേതികവിദ്യകളുടെയും നൂതന രീതിശാസ്ത്രങ്ങളുടെയും ഉപയോഗം ഇതിന് ആക്കം കൂട്ടിയതായും മന്ത്രി പറഞ്ഞു.
ഭരണാധികാരികളുടെ പിന്തുണയോടെ റോഡിന്റെ ഗുണനിലവാര സൂചികയിൽ സൗദി ജി20 രാജ്യങ്ങളിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ 2021ൽ ഗതാഗതത്തിനും ലോജിസ്റ്റിക്സിനും വേണ്ടിയുള്ള ദേശീയപദ്ധതി ആരംഭിച്ചത് മുതൽ സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും നിലവാരം ഉയർത്തുന്നതിൽ റോഡ് മേഖല വലിയ നേട്ടങ്ങൾ കൈവരിച്ചു.
റോഡുകളിലെ അപകട മരണങ്ങളുടെ എണ്ണം 50 ശതമാനത്തിലധികം കുറഞ്ഞു. മധ്യപൂർവേഷ്യയിൽ ഇക്കാര്യത്തിൽ നിരവധി ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടപ്പാക്കുന്ന ആദ്യത്തെ രാജ്യമായി സൗദി മാറി. കൂളിങ് റോഡുകൾ, ടയർ റീസൈക്ലിങ്ങിനുള്ള റബർ റോഡുകൾ എന്നിങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പുതിയ കണ്ടുപിടിത്തങ്ങൾ സംഭാവന ചെയ്തു.
ആധുനിക ഉപകരണങ്ങളുടെ ഉപയോഗം അറ്റകുറ്റപ്പണി സമയം 40 ശതമാനം കുറച്ചു. കാർബൺ ഉദ്വമനം കുറക്കാനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും സഹായിച്ചു. രാജ്യത്തെ റോഡുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിന് പിന്തുണ നൽകുന്ന നിരവധി സംരംഭങ്ങൾ നടപ്പാക്കുന്നതിന് സമീപകാലത്ത് സാക്ഷ്യം വഹിച്ചതായും അൽ ജാസർ വിശദീകരിച്ചു.
അതേസമയം, ലോകത്തെ ഏറ്റവും വലിയ റോഡ് സർവേ ഈയിടെ സൗദി നടത്തിയതായി ജനറൽ റോഡ്സ് അതോറിറ്റിയുടെ ആക്ടിങ് സി.ഇ.ഒ ബദർ അൽ ദലാമി പറഞ്ഞു. രാജ്യത്തെ 77 ശതമാനം റോഡുകളും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇത് സ്ഥിരീകരിച്ചു.
ട്രാഫിക് വഴിതിരിച്ചുവിടലുകളിലെ സുരക്ഷ മാനദണ്ഡങ്ങളുടെ നിലവാരവും 95 ശതമാനമായി ഉയർന്നു. റോഡിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് നിരവധി ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ചതായും അൽ ദലാമി പറഞ്ഞു.
‘നാളേക്കായി ഞങ്ങൾ നവീകരിക്കുന്നു’ എന്ന തലക്കെട്ടിൽ രണ്ട് ദിവസം നീളുന്ന സമ്മേളനത്തിൽ നിരവധി അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 50ലധികം രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം വിദഗ്ധരും റോഡ് മേഖലയിലെ സ്പെഷലിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്.
ഇന്റർനാഷനൽ റോഡ് ഫെഡറേഷന്റെ പങ്കാളിത്തത്തോടെ ജനറൽ റോഡ് അതോറിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റലിജൻറ് ഗതാഗത സംവിധാനങ്ങൾ, സുസ്ഥിര ഗതാഗതം എന്നീ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി 20 വകുപ്പുകൾ പങ്കെടുക്കുന്ന എക്സിബിഷനും സമ്മേളനത്തിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.