സൗദിയിലേക്ക് വരുമ്പോൾ കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങൾ മാത്രം
text_fieldsബുറൈദ: സൗദി അറേബ്യയിലേക്ക് യാത്രചെയ്യുമ്പോൾ കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങൾ മാത്രമാണെന്ന് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. വ്യാപാര ആവശ്യത്തിനുള്ള സാധനങ്ങളാണെങ്കിൽ പരിമിത അളവിൽ കൂടുതൽ കൊണ്ടുവരാൻ അനുവാദമില്ല. പരിധിയിൽ കൂടുതലുണ്ടെന്ന് കണ്ടാൽ നികുതി ചുമത്തും. ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയും ചുമത്തും.
വ്യക്തിക്ക് ഇറക്കുമതി ചെയ്യാവുന്ന സാധനങ്ങളുടെ തോത് നിശ്ചയിക്കാൻ അതത് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുമെന്നും ഇത് സംബന്ധിച്ച സംശയത്തിന് മറുപടിയായി അധികൃതർ വ്യക്തമാക്കി.
രാഷ്ട്രാന്തരീയമായി വിലക്കപ്പെട്ടതോ രാജ്യത്ത് നിരോധിക്കപ്പെട്ടതോ അന്തർദേശീയ ഉടമ്പടികൾക്കും പ്രാദേശിക നിയന്ത്രണങ്ങൾക്കും വിധേയമായതോ ആയ വസ്തുക്കളും അനുവദനീയമല്ല. വ്യാജ ഉത്പന്നങ്ങൾ, വഞ്ചനാത്മകമായ വസ്തുക്കൾ, ബൗദ്ധിക സ്വത്തവകാശ ലംഘന സ്വാഭാവമുള്ള സാധന സമഗ്രികൾ എന്നിവയും നിരോധിക്കപ്പെട്ടവയിൽപെടും.
വ്യക്തിഗത വസ്തുക്കൾ കൊണ്ടുവരുന്ന യാത്രക്കാരൻ ഉദ്യോഗസ്ഥർ ആവശ്യപെടുന്ന പക്ഷം സാധനങ്ങളുടെ ഒറിജിനൽ രസീത്, അവയുടെ അറബി മൊഴിമാറ്റം നടത്തിയത്, പാസ്പോർട്ട്, താമസരേഖ (ഇഖാമ), തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കൽ നിർബന്ധമാണ്.
വാണിജ്യ ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്നവർ സാധാരണ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം യഥാർഥ ബില്ലുകൾ, സാധനങ്ങളുടെ നിർമിതി ബോധ്യപ്പെടുത്തുന്ന ബന്ധപ്പെട്ട രാജ്യത്തിന്റെ സാക്ഷ്യപത്രം, കയറ്റിറക്കുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും ഹാജരാക്കണം.
ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ചുമത്തുന്ന കസ്റ്റംസ് ഫീസും നടപടിക്രമങ്ങളും അടങ്ങിയ വിശദാംശങ്ങൾ സക്കാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. https://zatca.gov.sa/en/RulesRegulations/Taxes/Pages/Integrated-Tarrifs.aspx.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.