സൗദിയിലുടനീളം ആയിരം കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കും; റോഡ് മാപ്പ് പ്രഖ്യാപിച്ചു
text_fieldsജിദ്ദ: രാജ്യത്തുടനീളം 1,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള റോഡ് മാപ്പ് സൗദി അറേബ്യ പ്രഖ്യാപിച്ചു. റിയാദിൽ തിങ്കളാഴ്ച സമാപിച്ച കാലാവസ്ഥ വാരാചരണ പരിപാടികൾക്കിടയിലായിരുന്നു പ്രഖ്യാപനം. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പരമോന്നത സമിതി ചെയർമാനുമായി ആരംഭിച്ച ഹരിത സൗദി പദ്ധതിക്ക് കീഴിലാണിത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പാരിസ്ഥിതിക വെല്ലുവിളികളെയും നേരിടാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയുടെ ഭാഗമാണ് എല്ലാ മുക്കുമൂലകളിലും വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതി.
വനവത്കരണ ശ്രമങ്ങളിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ കൈവരിക്കുന്ന പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളിലൂടെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിെൻറയും ഭാഗമാണ് ഈ സംരംഭം. എല്ലാ പ്രകൃതിദത്ത ആവാസ മേഖലകളിലും മരങ്ങളും സസ്യങ്ങളും വെച്ചുപിടിപ്പിക്കുന്നതിന് രൂപകൽപന ചെയ്ത തന്ത്രപരമായ പദ്ധതിയാണ് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരങ്ങൾ, ഹൈവേകൾ, ഹരിത ഇടങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. പുതിയ മരങ്ങൾ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും.
മരങ്ങളുടെ സാന്ദ്രത വർധിക്കുന്നത് നഗരകേന്ദ്രങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ താപനില 2.2 ഡിഗ്രി സെൽഷ്യസ് കുറക്കുന്നതിനും വായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. നഗരങ്ങളിലെ സസ്യയിടങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കാർബൺ ഡൈ ഓക്സൈഡ് കുറക്കുന്നതിന് സഹായിക്കും. കൂടാതെ റോഡ്മാപ്പ് നടപ്പാക്കുന്നത് രാജ്യത്തുടനീളം നിരവധി തൊഴിലവസരങ്ങൾ നൽകുന്നതിന് സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയത്തിെൻറയും ദേശീയ സസ്യവികസന കേന്ദ്രത്തിെൻറയും മരുഭൂവത്കരണത്തിനെതിരായ പോരാട്ടത്തിെൻറയും സഹകരണത്തോടെ രണ്ടുവർഷം നീണ്ട വിശദ ശാസ്ത്രീയ സാധ്യതാപഠനത്തെ അടിസ്ഥാനമാക്കിയാണ് റോഡ് മാപ്പ് തയാറാക്കിയിരിക്കുന്നത്.
ഒന്നിലധികം സ്പെഷലൈസേഷനുകളിൽ ഏറ്റവും വൈദഗ്ധ്യമുള്ള പ്രാദേശിക, അന്തർദേശീയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ 1,150ലധികം ഫീൽഡ് സർവേകൾ നടത്തിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. വ്യത്യസ്ത പാരിസ്ഥിതിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി മണ്ണ്, ജലം, താപനില, കാറ്റ്, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം എന്നിവ പഠനവിധേയമാക്കി. ശാസ്ത്രീയ ശിപാർശകളും നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി പ്രസക്തമായ മേഖലകളുടെ സമഗ്രമായ വിലയിരുത്തലും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡ്മാപ്പ് രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടം 2024 മുതൽ 2030 വരെയാണ്. രണ്ടാംഘട്ടം 2030ൽ ആരംഭിക്കും. പാരിസ്ഥിതിക പുനരധിവാസത്തിൽ മനുഷ്യരുടെ ശ്രമങ്ങളെ അടിസ്ഥാനമാക്കി സമഗ്രമായ ഒരു സമീപനം വികസിപ്പിക്കുന്നതിന് ഈ കാലയളവിൽ പ്രവർത്തിക്കും. സൗദി അറേബ്യയിൽ 2,000ലധികം സസ്യജാലങ്ങളുണ്ട്. അവ വൈവിധ്യമാർന്ന പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിൽ വളരുന്നു. കണ്ടൽ വനങ്ങൾ, ചതുപ്പുകൾ, പർവത വനങ്ങൾ, പുൽമേടുകൾ, ദേശീയ ഉദ്യാനങ്ങൾ, താഴ്വരകൾ എന്നിവ അതിലുൾപ്പെടുന്നു.
2030 വരെ ആദ്യഘട്ടത്തിൽ 600 കോടി മരങ്ങൾ നട്ടുപിടിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 38 ലക്ഷം ഹെക്ടർ ഭൂമി വനവത്കരിക്കും. ആയിരം കോടി മരങ്ങളും നട്ടുപിടിപ്പിക്കുന്നതിലൂടെ രാജ്യത്തെ 40 ലക്ഷം ഹെക്ടർ ഭൂമി വനമായി മാറും. ഇതിെൻറ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് ജൈവവൈവിധ്യത്തിെൻറ പുനഃസ്ഥാപനവും സംരക്ഷണവുമാണ്. ‘ഗ്രീൻ സൗദി അറേബ്യ’ എന്ന സംരംഭം ലോകത്തെ ഏറ്റവും വലിയ വനവത്കരണ സംരംഭങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.