സൗദി: ലിബിയക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് അംഗരാജ്യങ്ങളോട് ഒ.ഐ.സി
text_fieldsജിദ്ദ: കൊടുങ്കാറ്റും മഴയും മൂലം ദുരിതത്തിലായ ലിബിയക്ക് അടിയന്തര സഹായം എത്തിക്കാൻ അംഗരാജ്യങ്ങളോടും മാനുഷിക സംഘടനകളോടും അന്താരാഷ്ട്ര ഏജൻസികളോടും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സി അഭ്യർഥിച്ചു.
ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ആളുകൾക്ക് അടിയന്തര സഹായം നൽകാൻ ലിബിയൻ അധികാരികൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും സഹായം നൽകണമെന്നും അംഗരാജ്യങ്ങളോട് ഒ.െഎ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ ആവശ്യപ്പെട്ടു.
നിരവധി നഗരങ്ങളെ കൊടുങ്കാറ്റ് ബാധിച്ചു. നിരവധി പേർ മരിക്കുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെ കാണാതായിട്ടുണ്ട്. ലിബിയയുടെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായതിനാൽ വലിയ സ്വത്തുനാശമുണ്ടായെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
ദുരന്തം തടയുന്നതിനും ദുരിതബാധിതരെ രക്ഷിക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനും ചുഴലിക്കാറ്റിെൻറ ആഘാതം കുറക്കുന്നതിനും ലിബിയൻ അധികാരികൾ നടത്തുന്ന ശ്രമങ്ങളെ സെക്രട്ടറി ജനറൽ പ്രശംസിച്ചു. ലിബിയൻ ജനതയോടും മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കെട്ടയെന്ന് പ്രാർഥിക്കുന്നുവെന്നും ഹുസൈൻ ഇബ്രാഹിം ത്വാഹ കൂട്ടിച്ചേർത്തു.
ഐക്യദാർഢ്യവുമായി മുസ്ലിം വേൾഡ് ലീഗും
ജിദ്ദ: ലിബിയയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോട് മുസ്ലിം വേൾഡ് ലീഗും അനുശോചനവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
ലിബിയയിലെ പ്രകൃതിദുരന്തം സംബന്ധിച്ച വാർത്തകൾ ഞങ്ങൾ നിരീക്ഷിക്കുകയാണെന്നും നിരവധി പേർക്ക് ജീവഹാനിയുണ്ടായതിൽ ഞങ്ങൾ ദുഃഖിതരാണെന്നും സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഇസ്സ പറഞ്ഞു. ഈ വലിയ ദുരിതത്തിൽ ലിബിയൻ ജനതയോട് മുസ്ലിം വേൾഡ് ലീഗും അനുബന്ധ ഘടകങ്ങളും വിവിധ സമിതികളും പൂർണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുശോചിച്ച് സൗദിയും
ജിദ്ദ: പ്രളയക്കെടുതിയിൽ അകപ്പെട്ട ലിബിയക്കും അവിടത്തെ ജനങ്ങൾക്കും സൗദി അനുശോചനം രേഖപ്പെടുത്തി. ലിബിയൻ നഗരമായ ഡെർനയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ജീവനുകൾ പൊലിയുകയും അനേകമാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ലിബിയയോടും അവിടത്തെ സഹോദരങ്ങളോടും സൗദിയുടെ അനുശോചനവും ഐക്യദാർഢ്യവും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങളോടും ബന്ധുക്കളോടും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. കാണാതായവരെ കണ്ടെത്താനും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാനും ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.