കൊല്ലപ്പെട്ട തോമസിന്റെ കുടുംബം മാപ്പ് നൽകി; സൗദിയിൽ വധശിക്ഷയിൽനിന്ന് സക്കീറിന് മോചനം
text_fieldsദമ്മാം: അപ്രതീക്ഷിത വാക്കുതർക്കത്തെത്തുടർന്ന് സ്വന്തം സുഹൃത്തിനെ കുത്തിക്കൊന്ന കൊല്ലം സ്വദേശിക്ക് ഒടുവിൽ മോചനം. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹികപ്രവർത്തകരുടേയും ഇടപെടലാണ് ഒമ്പത് വർഷത്തെ കാത്തിരുപ്പുകൾക്കൊടുവിൽ മരണത്തിന്റെ വാൾത്തലയിൽനിന്ന് ഈ ചെറുപ്പക്കാരന് ജീവിതം തിരികെ നൽകിയത്.
കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ സ്വദേശി എച്ച്.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈനാണ് (32) കൊല്ലപ്പെട്ട കോട്ടയം, കോട്ടമുറിക്കൽ, ചാലയിൽവീട്ടിൽ തോമസ് മാത്യൂവിന്റെ (27) കുടുംബത്തിന്റെ ദയയിൽ ജീവിതത്തിലേക്ക് തിരികെയെത്തിയത്. മരണം കാത്തുകിടന്ന ഒമ്പതുവർഷത്തെ തടവിന് ഒടുവിൽ വ്യാഴാഴ്ച ദമ്മാമിൽനിന്ന് ശ്രീലങ്കൻ എയർലൈൻസിൽ സക്കീർ നാട്ടിലെത്തി. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ദിയാധനം (മോചനദ്രവ്യം) നൽകുകയായിരുന്നു.
2009ലെ ഒരു ഓണനാളിലാണ് ദമ്മാമിലെ മലയാളി സമൂഹത്തെ നടുക്കിയ കൊലപാതകം നടന്നത്. ഒരു ലാൻഡ്രിയിലെ ജീവനക്കാരായിരുന്നു സക്കീർ ഹുസൈനും തോമസ് മാത്യൂവും. ഓണദിവസം കൂട്ടുകാരെല്ലാം കൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന് കഴിച്ചിരുന്നു. ശേഷം വൈകീട്ട് ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിലുണ്ടായ തർക്കങ്ങൾക്കൊടുവിൽ സക്കീർ ഹുസൈൻ തോമസ് മാത്യുവിനെ അടുക്കളിയിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. തോമസ് മാത്യു തൽക്ഷണം മരിച്ചു.
പൊലീസ് സക്കീർ ഹുസൈനെ അറസ്റ്റ് ചെയ്തു. വിചാരണക്കോടതി എട്ടു വർഷത്തെ തടവും ശേഷം തലവെട്ടാനുമാണ് വിധിച്ചത്. സംഭവം നടക്കുമ്പോൾ സക്കീർ ഹുസൈന് 23 വയസ്സായിരുന്നു പ്രായം. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാൻ ഗൾഫിലെത്തിയ സക്കീർ ഒരുനിമിഷത്തെ എടുത്തുചാട്ടം കാരണം കൊലപാതകിയായി ജയിലിലാവുകയായിരുന്നു.
സക്കീർ ഹുസൈന്റെ അയൽവാസികളായ ജസ്റ്റിൻ ഈ വിഷയം പ്രവാസി സമ്മാൻ ജോതാവ് കൂടിയായ സൗദിയിലെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജസ്റ്റിന്റെ ഭാര്യ അനിത സക്കീർ ഹുസൈന്റെ നിരാലംബമായി പോയ കുടുംബത്തിന് ആവശ്യമായ സഹായവുമായി ഒപ്പം നിന്നു. ശിഹാബ് കൊട്ടുകാട് തോമസ് മാത്യുവിന്റെ കുടുംബത്തെ ബന്ധപ്പെട്ട് സക്കീർ ഹുസൈന്റെ മോചനത്തിന് സഹായം തേടി. ഒപ്പം ഉമ്മൻ ചാണ്ടിയുടെ മുന്നിൽ വിഷയം എത്തിച്ച് ഇടപെടലിന് അഭ്യർഥിച്ചു. ഉമ്മൻ ചാണ്ടി തോമസ് മാത്യുവിന്റെ ഇടവകപള്ളി വികാരിയുടെ സഹായത്തോടെ കുടുംബത്തിന്റെ മാപ്പ് ലഭ്യമാക്കാൻ ശ്രമം തുടങ്ങി. മോചനദ്രവ്യമായി ഒരു തുക കുടുംബത്തിന് നൽകാനും ഉമ്മൻ ചാണ്ടി മുൻകൈയെടുത്തു.
മാപ്പ് നൽകാൻ തയ്യാറായ കുടുംബത്തിന്റെ സമ്മതപത്രം അഡ്വ. സജി സ്റ്റീഫന്റെ സഹായത്തോടെ ലഭ്യമാക്കി. ശിഹാബ് കൊട്ടുകാട് കുടുംബത്തിന്റെ മാപ്പുസാക്ഷ്യം സൗദിയിൽ കോടതിയിൽ ഹാജരാക്കി. 2020ലായിരുന്നു ഇത്. തുടർന്ന് കോടതി വധശിക്ഷ ഒഴിവാക്കി. എന്നാൽ പൊതുഅവകാശപ്രകാരമുള്ള തടവുശിക്ഷ പൂർത്തിയാകാനാണ് കാത്തിരുന്നത്. ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വ്യാഴാഴ്ച സക്കീർ നാട്ടിലേക്ക് മടങ്ങിയത്. പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസ്സി ഔട്ട് പാസ് നൽകിയിരുന്നു.
സക്കീർഹുസൈനെ നാട്ടിലെത്തിക്കുന്നതുവരെ ശിഹാബ് കൊട്ടുകാട് നിരവധി തവണയാണ് ദമ്മാമിലെ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ജയിലിലുമായി കയറിയിറങ്ങിയത്. ഒരുകൂട്ടം മനുഷ്യസ്നേഹികളുടെ കൂട്ടായ പരിശ്രമമാണ് സക്കീറിന്റെ ജീവൻ തിരികെ നൽകിയത്. തോമസ് മാത്യുവിന്റെ മാതാവും പിതാവും സഹോദരിയും സഹോദരനുമൊക്കെ ഒരു മനസ്സോടെ മാപ്പു നൽകിയതോടെയാണ് സക്കീറിന്റെ ജീവിതം തിരികെ കിട്ടിയത്. റിയാദിലെ സാമൂഹികപ്രവർത്തകൻ സലീം പാറയിലും ദമ്മാം ജയിലിലെ ഉദ്യോഗസ്ഥൻ ബസ്സാമും ആവശ്യമായ സഹായം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.