സൗദി അറേബ്യ കോവിഡിനെ മറികടന്ന ആദ്യ രാജ്യങ്ങളിലൊന്നായി -ആരോഗ്യമന്ത്രാലയം
text_fieldsജിദ്ദ: സൗദി അറേബ്യ കോവിഡിനെ മറികടന്ന ആദ്യ രാജ്യങ്ങളിലൊന്നായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മുക്തമായതോടെ ഇതുസംബന്ധിച്ച വിശകലനവും വാർത്തസമ്മേളനവും നിർത്തലാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച വിശകലനവും ദൈനംദിന വാർത്തസമ്മേളനവും ആരംഭിച്ചത്. ആരോഗ്യ സഹമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അബ്ദു അൽ അലിയാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. 2020 മാർച്ച് രണ്ടിനാണ് രാജ്യത്ത് ആദ്യം കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് അവസ്ഥകൾ, രോഗികൾ, സുഖംപ്രാപിച്ചവർ, ആശുപത്രിയിൽ കഴിയുന്നവർ, വാക്സിനുകൾ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിശദീകരിച്ച ആരോഗ്യവക്താവിന്റെ അവസാനത്തെ വാർത്തസമ്മേളനം നടന്നത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. രാജ്യം വിജയകരമായി മഹാമാരിയെ മറികടക്കുകയും പൂർണമായ വീണ്ടെടുക്കൽ ഘട്ടം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ ആദ്യ നിമിഷം മുതൽ അതിനെ നേരിടാൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ ശ്രമങ്ങളുടെയും പദ്ധതികളുടെയും ഫലമായാണിത്.
മഹാമാരിയെ മറികടന്ന് പൂർണമായ വീണ്ടെടുക്കലിന്റെ പരിധിയിൽ എത്തിയതായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയെന്നും ആരോഗ്യവക്താവ് പറഞ്ഞു. മുൻ ആഴ്ചകളെ അപേക്ഷിച്ച് രാജ്യത്ത് കോവിഡ് കേസുകൾ 95 ശതമാനം കുറഞ്ഞു. അതേ കാലയളവിൽ ഗുരുതരമായ കേസുകളുടെ 62 ശതമാനം കുറഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധപദ്ധതികളുടെ വിജയം, സമൂഹത്തിന്റെ ഉയർന്ന അവബോധം, പ്രതിരോധ കുത്തിവെപ്പുകൾക്കുള്ള ഉയർന്ന ആവശ്യം എന്നിവയുടെ ഫലമായി വരും കാലയളവിലും സൂചകങ്ങൾ കുറയുന്നത് തുടരും.
വാക്സിൻ ദേശീയപദ്ധതി രോഗത്തിന്റെ ഫലങ്ങൾ ലഘൂകരിക്കുന്നതിലും അതിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിലും നല്ല സ്വാധീനം ചെലുത്തിയെന്നും ആരോഗ്യവക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.