സൗദിയിൽ വരും ദിവസങ്ങളിലും താപനില കുറയും, തണുപ്പ് തുടരും
text_fieldsയാംബു: സൗദിയുടെ വിവിധ മേഖലകളിൽ താപനില കുറയുന്നത് വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ അതിർത്തി മേഖല, തബൂക്ക്, അൽ ജൗഫ്, ഹാഇൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശനിയാഴ്ച മുതൽ ശീതതരംഗം വീശുമെന്നും തിങ്കളാഴ്ച മുതൽ താപനില ഇനിയും കുറയുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില രണ്ട് മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെയാകും.
ചൊവ്വാഴ്ച മുതൽ താപനില കുറയുന്നതിന്റെ ആഘാതം അൽ ഖസിം മേഖലയിലേക്കും റിയാദിന്റെ വടക്കൻ ഭാഗങ്ങളിലേക്കും കിഴക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുറഞ്ഞ താപനില പൂജ്യം മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. വടക്കുഭാഗത്ത് വരും ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കുന്നു. നേരിയ മഴക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
മക്ക, മദീന, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല, നജ്റാനിന്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യത. ചില മേഖലകളിൽ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങളിലെ താമസക്കാർ ആരോഗ്യ സുരക്ഷ മുന്നൊരുക്കങ്ങൾ എടുക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചെങ്കടലിൽ ഉപരിതല കാറ്റിന്റെ ചലനം വടക്ക്, വടക്കുപടിഞ്ഞാറ് ദിശകളിൽ മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വേഗത്തിലായിരിക്കുമെന്നും വടക്കൻ, മധ്യഭാഗങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിലെത്തുമെന്നും കേന്ദ്രം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.