ഇസ്ലാമോഫോബിയക്കെതിരായ പ്രമേയം; സ്വാഗതംചെയ്ത് സൗദി അറേബ്യ
text_fieldsജിദ്ദ: ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി കരാറിന് അംഗീകാരം നൽകിയതിനെയും അതിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക യു.എൻ പ്രതിനിധിയെ നിയമിച്ചതിനെയും സൗദി അറേബ്യ സ്വാഗതംചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തീവ്രവാദ ആശയങ്ങളെ ചെറുക്കുന്നതിനും അതിന് ധനസഹായം നൽകുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
മതങ്ങളുടെയും നാഗരികതകളുടെയും അനുയായികൾ തമ്മിലുള്ള സമാധാനത്തിന്റെയും സംവാദത്തിന്റെയും മൂല്യങ്ങൾ സ്ഥാപിക്കുന്നതിനും അനുയായികൾക്കിടയിൽ പരസ്പര ബഹുമാനത്തിന്റെ സംസ്കാരം നിലനിർത്തുന്നതിനും ലോകമെമ്പാടും സമാധാനവും സമൃദ്ധിയും കൈവരിക്കുന്നതിന് ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദിയുടെ പിന്തുണയും നിരന്തര ശ്രമങ്ങളും ഉണ്ടാകുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
സുപ്രധാനമെന്ന് മുസ്ലിം വേൾഡ് ലീഗ്
ജിദ്ദ: ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് യു.എൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചതിനെയും അതിനെതിരെ പോരാടുന്നതിന് പ്രത്യേക ഐക്യരാഷ്ട്ര പ്രതിനിധിയെ നിയമിച്ചതിനെയും മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് സ്വാഗതംചെയ്തു. വിദ്വേഷ പ്രസംഗങ്ങളും അതിന്റെ മുദ്രാവാക്യങ്ങളും പ്രയോഗരീതികളും ആശങ്കജനകമായി വർധിക്കുന്ന അന്താരാഷ്ട്ര സാഹചര്യത്തിൽ ഈ പ്രമേയത്തിന് പ്രാധാന്യമുണ്ടെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഇസ പറഞ്ഞു.
നമ്മുടെ ലോകത്തിന്റെ സമാധാനത്തിനും ദേശീയ സമൂഹങ്ങളുടെ ഐക്യത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ് ഇസ്ലാമോഫോബിയ. ഫലപ്രദമായ ദേശീയ, അന്തർദേശീയ നിയമനിർമാണങ്ങളിലൂടെ ഇതിന് പരിഹാരം കാണേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
തീവ്രവാദ ആശയങ്ങളെ ചെറുക്കുന്നതിനും മതങ്ങളുടെയും നാഗരികതകളുടെയും അനുയായികൾ തമ്മിലുള്ള സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും മുസ്ലിം വേൾഡ് ലീഗിന്റെയും അതിന്റെ ആഗോള സമിതികളുടെയും കൗൺസിലുകളുടെയും പിന്തുണയുണ്ടാകുമെന്നും സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.