അന്താരാഷ്ട്ര വിമാന സർവിസിനൊരുങ്ങി സൗദിയ
text_fieldsജിദ്ദ: കോവിഡ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദിയിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക അന്താരാഷ്ട്ര യാത്രാവിലക്ക് തിങ്കളാഴ്ച മുതൽ എടുത്തുകളയുന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾക്കൊരുങ്ങി സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ).
സർവിസുകൾ നടത്താനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 95 വിമാനത്താവളങ്ങളിൽ നിന്നായി 71 സർവിസുകളാണ് ആദ്യഘട്ടത്തിൽ സൗദിയ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ 28 എണ്ണം ആഭ്യന്തര സർവിസുകളും 43 എണ്ണം അന്താരാഷ്ട്ര സർവിസുകളുമാണ്. കോവിഡ് മഹാമാരി ആരംഭിച്ചതുമുതൽ ഇതുവരെ ഏകദേശം ഒരു കോടി യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തെത്തിച്ചതായി സൗദിയ അറിയിച്ചു.
കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര സർവിസ് നടത്തുന്ന വിമാനങ്ങളിൽ യാത്രക്കാരുടെ ഇടയിൽ സീറ്റുകൾ ഒഴിച്ചിടുന്ന രീതി ഉണ്ടാകില്ലെന്ന് സൗദിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡിനെതിരെയുള്ള സുരക്ഷക്ക് ഈ രീതി പര്യാപ്തമല്ലെന്നും എന്നാൽ ഇത് ടിക്കറ്റ് വിലവർധനക്ക് കാരണമാക്കും എന്നതുകൊണ്ടും അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) ഇങ്ങനെയുള്ള രീതി അംഗീകരിക്കുന്നില്ല എന്നതിനാലാണ് തങ്ങളും ഇങ്ങനെ തീരുമാനിച്ചതെന്ന് സൗദിയ അറിയിച്ചു.
എന്നാൽ, മാസ്ക് ധരിക്കുന്നതും ആവശ്യമായ മറ്റ് ആരോഗ്യ പ്രോട്ടോകോളുകളും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ സൗദിയ യാത്രക്കാരോട് ആവശ്യപ്പെട്ടു. അതേസമയം, യാത്രാ വിലക്ക് ഒഴിവാകുന്നതോടെ തിങ്കളാഴ്ച സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴി 385 അന്താരാഷ്ട്ര വിമാന സർവിസുകൾ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) അറിയിച്ചു. രാജ്യത്തും വിദേശത്തുമുള്ള വിവിധ വിമാനക്കമ്പനികൾ ചേർന്നാണ് ഇത്രയും സർവിസുകൾ നടത്തുക.
പാസ്പോർട്ട് കൗണ്ടറുകൾ സജ്ജം: മുഴുവനാളുകളും യാത്രാനിർദേശങ്ങൾ പാലിക്കണം –പാസ്പോർട്ട് വകുപ്പ്
ജിദ്ദ: യാത്രക്കാരെ സ്വീകരിക്കാൻ പ്രവേശന കവാടങ്ങളിൽ പാസ്പോർട്ട് വകുപ്പ് സജ്ജമായതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. 2021 മേയ് 17 മുതൽ പുനരാരംഭിക്കുന്ന അന്താരാഷ്ട്ര യാത്രകൾക്ക് രാജ്യത്തെ എല്ലാ കര, കടൽ,വ്യാമ കവാടങ്ങളിലും വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
സ്വദേശികൾ വിദേശയാത്രക്ക് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച നിർദേശങ്ങൾ മുഴുവനാളുകളും പാലിക്കണം. രണ്ടു കുത്തിവെപ്പെടുത്തവർ, ഒരു കുത്തിവെപ്പെടുത്ത് 14 ദിവസം കഴിഞ്ഞവർ അല്ലെങ്കിൽ കോവിഡ് ബാധിതനായശേഷം ആറു മാസം കഴിഞ്ഞവർ എന്നിവർക്കായിരിക്കും വിദേശ യാത്രാനുമതി നൽകുക.
ഇവർ ആരോഗ്യ സ്റ്റാറ്റസ് തവക്കൽനാ ആപ്ലിക്കേഷനിൽ കാണിച്ചിരിക്കണം. സ്വദേശികളോടൊപ്പം 18 വയസ്സിനു താഴെയുള്ള കുട്ടികൾ കൂടെ യാത്രക്കുണ്ടെങ്കിൽ അവർക്ക് കോവിഡ് സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച കോവിഡ് ചികിത്സ ഇൻഷുറൻസുണ്ടായിരിക്കണമെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് പറഞ്ഞു. മുഴുവനാളുകൾ കോവിഡ് വ്യാപനം കുറക്കാൻ നിശ്ചയിച്ച മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.