പരിശീലനം പൂർത്തിയാക്കി സൗദിയിലെ ആദ്യ വനിതാ സായുധ സൈനിക സംഘം പുറത്തിറങ്ങി
text_fieldsജുബൈൽ : മൂന്നുമാസത്തെ പരിശീലനം പൂർത്തിയാക്കി സൗദിയിലെ ആദ്യ വനിതാ സായുധ സൈനിക സംഘം പുറത്തിറങ്ങി. മെയ് 30 ന് ആരംഭിച്ച സായുധ സേന പരിശീലനം കഴിഞ്ഞ ദിവസം ബിരുദ വിതരണത്തോട് കൂടിയാണ് സമാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗദി അറേബ്യ സ്ത്രീകൾക്ക് സൈനിക റിക്രൂട്ട്മെന്റിന് തുടക്കമിട്ടത്. ഏകീകൃത പ്രവേശന പോർട്ടലിലൂടെ രജിസ്റ്റർ ചെയ്‌തു അഭിമുഖവും പൂർത്തിയാക്കിയ ശേഷമായിരുന്നു പരിശീലനം.
സൈനികർ മുതൽ സർജന്റ് വരെയുള്ള സൈനിക റാങ്കുകൾ സൗദി അറേബ്യൻ ആർമി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്സ്, ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസ് തുടങ്ങിയ തസ്കികകളിലേക്ക് സ്വദേശികളായ സ്ത്രീ പുരുഷന്മാരിൽ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നു. സ്ത്രീ അപേക്ഷകരിൽ നിന്നും 21 നും 40 നും ഇടയിൽ പ്രായമുള്ളവരെയാണ് തിരഞ്ഞെടുത്തത്. 155 സെന്റിമീറ്റർ ഉയരമുള്ളതും സർക്കാർ ജീവനക്കാരല്ലാത്തവർക്കുമായിരുന്നു അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. സ്വന്തമായി ദേശീയ തിരിച്ചറിയൽ കാർഡും കുറഞ്ഞത് ഹൈസ്കൂൾ വിദ്യാഭ്യാസവും ഉള്ള സൗദി ഇതര പൗരന്മാരെ വിവാഹം കഴിക്കാത്തവരെയാണ് സൈന്യത്തിലേക്ക് തെരഞ്ഞെടുത്തത്.
14 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയവർക്ക് സായുധ സേന വിദ്യാഭ്യാസ പരിശീലന അതോറിറ്റി മേധാവി മേജർ ജനറൽ ആദിൽ അൽ ബലാവി ബിരുദ വിതരണം നടത്തി. വനിതാ പരിശീലന കേന്ദ്രത്തിന്റെ ആക്ടിംഗ് കമാൻഡർ സുലൈമാൻ അൽ-മാലിക്കി, ചീഫ് സർജന്റ് ഹാദി അൽ-അനസി എന്നിവർ ബിരുദധാരികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച വിദ്യാർത്ഥികളുടെയും സമ്മാനങ്ങൾ ലഭിച്ചവരുടെയും പേരുകളും പ്രഖ്യാപിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഫയാദ് ബിൻ ഹമേദ് അൽ റുവൈലിയാണ് ബിരുദദാന ചടങ്ങ് സ്പോൺസർ ചെയ്തത്. സായുധ സേനയുടെ ജോയിന്റ് സ്റ്റാഫ് ഡയറക്ടർ മേജർ ജനറൽ ഹമീദ് അൽ ഒമാരി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.