സൗദിയുടെ 'സിഹത്വി'ആപ്പിന് 24 ദശലക്ഷം ഉപയോക്താക്കൾ
text_fieldsജുബൈൽ: കഴിഞ്ഞ വർഷം രാജ്യത്ത് കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ എന്ന ബഹുമതി സൗദി ആരോഗ്യമന്ത്രാലയത്തിന്റെ 'സിഹത്വി'ആപ്പിന്. 24 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇതിനകം ഈ ആപ് ഡൗൺലോഡ് ചെയ്തത്. സൗദിയിലെ ഇത്രയധികം സ്വദേശികളും വിദേശികളും രജിസ്റ്റർ ചെയ്ത ആരോഗ്യ വിവരങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കുമുള്ള ദേശീയ ജനസംഖ്യ ആരോഗ്യ പ്ലാറ്റ്ഫോമാണ് ഇത്. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ പുറത്തുവിട്ട '2021 സൗദി ഇന്റർനെറ്റ് റിപ്പോർട്ട്'ആണ് ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത ബഹുമതി സിഹത്വിക്ക് നൽകുന്നത്.
കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിദേശ താമസക്കാരുടെയും വ്യക്തിഗത ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്താൻ സൗദി ആരോഗ്യമന്ത്രാലയം വികസിപ്പിച്ച ആപ്ലിക്കേഷനാണ് സിഹത്വി. ആളുകൾക്ക് വേഗത്തിലുള്ള ആരോഗ്യ സേവനം ലഭ്യമാക്കാനും ജനങ്ങൾക്ക് സർക്കാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും മന്ത്രാലയം അടുത്തിടെ തങ്ങളുടെ കീഴിലുള്ള എല്ലാ ആപ്ലിക്കേഷനുകളും ഈ ആപ്പിൽ ലയിപ്പിച്ചിരുന്നു. ഇതോടെ മന്ത്രാലയത്തിന് കീഴിൽ ഏക ഏകീകൃത ആപ്ലിക്കേഷനായി ഇത് മാറി. രാജ്യത്തെ ഹെൽത്ത് കെയർ സെന്ററുകളിലെ 35-ലധികം സ്പെഷലൈസ്ഡ് ക്ലിനിക്കുകളിൽ അപ്പോയിൻമെന്റുകൾ ബുക്ക് ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും ഈ ആപ് വഴി കഴിയും.
കോവിഡ് വാക്സിനേഷനും പരിശോധനക്കുമുള്ള ബുക്കിങ്, ഡോക്ടറുമായുള്ള ലൈവ് കൺസൽട്ടേഷൻ (വിഡിയോ), മരുന്നുകളും ഏറ്റവും അടുത്തുള്ള ഫാർമസികളും തിരയുന്നതിനുള്ള സേവനം, ഇ-പ്രിസ്ക്രിപ്ഷൻ അവലോകനം ചെയ്യൽ, വാക്സിനേഷനുകളും ബയോ മാർക്കറുകളും രജിസ്റ്റർ ചെയ്യൽ, അതിന്റെ ഘട്ടങ്ങൾ രേഖപ്പെടുത്തൽ, അണുബാധ തടയലും നിയന്ത്രണവും, ആശ്രിതരെ ചേർക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സേവനം തുടങ്ങി ഒട്ടനവധി പരിഷ്കാരങ്ങൾ ആപ്പിൽ വരുത്തിയിരുന്നു. കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ മത്സരക്ഷമത വർധിപ്പിക്കാനാണ് സൗദി ഇന്റർനെറ്റ് റിപ്പോർട്ടിലൂടെ കമീഷൻ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.