സൗദി അരാംകോ ഓഹരി: നാലു ശതമാനം പൊതുനിക്ഷേപ ഫണ്ടിലേക്ക് മാറ്റി -കിരീടാവകാശി
text_fieldsജിദ്ദ: സൗദി അറേബ്യൻ ഓയിൽ കമ്പനിയുടെ (സൗദി അരാംകോ) ഓഹരികളുടെ നാലു ശതമാനം പൊതുനിക്ഷേപ ഫണ്ടിലേക്ക് മാറ്റിയതായി കിരീടാവകാശിയും സാമ്പത്തിക വികസന കാര്യ കൗൺസിൽ ചെയർമാനും പൊതുനിക്ഷേപ ഫണ്ട് ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ഈ ഓഹരികളുടെ കൈമാറ്റം ദേശീയ സമ്പദ്വ്യവസ്ഥയുടെ പുനർനിർമാണത്തെ പിന്തുണക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണ്. 2025 അവസാനത്തോടെ ആസ്തി നാലു ലക്ഷം സൗദി റിയാലായി ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. സൗദി അരാംകോ ഓഹരികൾ പൊതുനിക്ഷേപ ഫണ്ടിലേക്ക് മാറ്റുന്നത് ഫണ്ടിന്റെ ശക്തമായ സാമ്പത്തിക നില ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ആസ്തികൾ പരമാവധി വർധിപ്പിച്ച് പുതിയ മേഖലകൾ ആരംഭിക്കുക, തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കുക, സാങ്കേതിക വിദ്യകളും അറിവുകളും പ്രാദേശികവത്കരിക്കുക എന്നിവയിലൂടെ ഫണ്ട് അതിന്റെ തന്ത്രം കൈവരിക്കുന്നത് തുടരുകയാണെന്നും കിരീടാവകാശി പറഞ്ഞു.
2025 അവസാനത്തോടെ ഒരു ലക്ഷം കോടി സൗദി റിയാൽ വരെ പ്രാദേശികമായി പുതിയ പദ്ധതികളിലേക്ക് പമ്പ് ചെയ്യാൻ ഫണ്ട് ലക്ഷ്യമിടുന്നു. പ്രാദേശിക ഉള്ളടക്കത്തിലേക്കുള്ള അതിന്റെ അഫിലിയേറ്റുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സംഭാവന 60 ശതമാനമായി വർധിപ്പിക്കും.
ഇത് പ്രാദേശിക തൊഴിൽ വിപണിയിൽ പ്രത്യക്ഷമായും പരോക്ഷമായും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൈമാറ്റ പ്രക്രിയക്കു ശേഷവും സൗദി അരാംകോയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് രാജ്യം. കമ്പനിയുടെ മൊത്തം ഷെയറുകളുടെ 94 ശതമാനത്തിൽ കൂടുതൽ രാജ്യത്തിന്റെ ഉടമസ്ഥതയിലാണ്. രാജ്യം ഏറ്റെടുത്ത സാമ്പത്തിക പരിഷ്കരണ പ്രക്രിയയെ പൂർത്തീകരിക്കുന്നതിനും സാമ്പത്തിക പരിവർത്തനത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുമുള്ള സംരംഭങ്ങൾ നടപ്പാക്കുന്നത് തുടരുകയാണെന്ന് കിരീടാവകാശി പറഞ്ഞു. ഇത് വികസന ഫണ്ടുകൾക്കും സ്വകാര്യ മേഖലക്കും കൂടുതൽ നിക്ഷേപ അവസരങ്ങൾ നൽകും. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.