അഞ്ചു പദ്ധതികളുമായി സൗദി അരാംകോ
text_fieldsജിദ്ദ: സൗദി അരാംകോ ദേശീയ അന്തർദേശീയ നിക്ഷേപകരുമായി അഞ്ച് ധാരണപത്രങ്ങൾ ഒപ്പുെവച്ചു. ഗ്രീൻ ഹൈഡ്രജൻ നിർമാണം, ഹരിത ഊർജ സേവനങ്ങൾ, നൂതന ലോഹേതര നിർമാണ സാമഗ്രികളുടെ നിർമാണം, വ്യവസായിക മേഖലകളിലെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നീ രംഗങ്ങളിലാണ് ധാരണപത്രങ്ങൾ ഒപ്പുവെച്ചത്.
'മനുഷ്യത്വത്തിൽ നിക്ഷേപം നടത്തുക' എന്ന പേരിൽ റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ ഫോറം (ഫ്യൂച്ചർ ഇൻവെസ്റ്റ് ഇനിഷ്യേറ്റിവ്) അഞ്ചാം വാർഷിക സമ്മേളനത്തിെൻറ ഭാഗമായാണ് സൗദി അരാംകോ നിക്ഷേപ പദ്ധതികളിൽ ധാരണപത്രം ഒപ്പുവെച്ചത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ഹരിത സൗദി, ഹരിത പശ്ചിമേഷ്യ സംരംഭങ്ങളുടെ (ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റിവ്) ചട്ടക്കൂടിന് അനുസൃതമായാണ് സൗദി അരാംകോയിലെ പുതിയ നിക്ഷേപ പദ്ധതികൾ. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിെൻറ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമുള്ള ഗുണപരമായ പദ്ധതികളെ ഉൾപ്പെടുത്തി രാജ്യം നടപ്പാക്കുന്ന ആദ്യ പാക്കേജിെൻറ ഭാഗം കൂടിയാണിത്.
ഭാവി നിക്ഷേപ ഫോറം ആരംഭിച്ചതിനു ശേഷമുള്ള അഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി അരാംകോ പ്രസിഡൻറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ എൻജി. അമീൻ ഹസൻ അൽ നാസർ പറഞ്ഞു. ലോകമെമ്പാടുമുള്ള സമൂഹങ്ങളുടെ അഭിവൃദ്ധിയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ ഫോറം വിജയിച്ചതായി അദ്ദേഹം പറഞ്ഞു. ബിസിനസ് പങ്കാളികളിൽ പലരെയും കണ്ടുമുട്ടാനായി.
ഒപ്പം അവരുടെ ഉത്സാഹവും അനുകൂല നിലപാടും മനസ്സിലാക്കി. കോവിഡിനു ശേഷം ലോകം ഏകദേശം രണ്ടു വർഷത്തെ ഇടവേളക്കു ശേഷം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും അരാംകോ പ്രസിഡൻറ് പറഞ്ഞു. മാനവികതയിൽ നിക്ഷേപിക്കുകയും പരിസ്ഥിതിയും കാലാവസ്ഥയും സംരക്ഷിക്കുകയും ചെയ്യുന്ന ഫോറത്തിെൻറ ഈ വർഷത്തെ പ്രമേയം ദേശീയവും അന്തർദേശീയവും പ്രത്യേകിച്ച് ഇന്നത്തെയും ഭാവിയിലെയും തലമുറകൾക്കുള്ള മുൻഗണനയാണെന്നതിൽ സംശയമില്ല.
അതുകൊണ്ടാണ് 2050 ഓടെ സീറോ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ആഗ്രഹം മൂന്നു ദിവസം മുമ്പ് സൗദി അരാംകോയിൽ പ്രഖ്യാപിച്ചത്. ഇത് വ്യാപകമായ വെല്ലുവിളികൾ നേരിടുന്ന മാതൃകാപരമായ മാറ്റമാണ്. 30 വർഷത്തിനുള്ളിൽ പൂജ്യം ന്യൂട്രാലിറ്റിയിലെത്താനുള്ള ശ്രമത്തിലാണ്. കമ്പനിയുടെ വളർച്ചക്ക് സഹായകമായ സാങ്കേതികവിദ്യകളിലും പദ്ധതികളിലും നിക്ഷേപം തുടരും. ഹരിത കാലഘട്ടത്തിൽ രാജ്യത്തിെൻറ ശേഷിയെയും സംവിധാനത്തെയും ശാക്തീകരിക്കുകയും കാർബൺ കുറഞ്ഞ ഊർജത്തിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നും അരാംകോ പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.