സൗദി സ്ഥാപകദിനാഘോഷം; മെഗാ ‘അർദ സൗദിയ’ നാടോടിനൃത്തം അരങ്ങേറി
text_fieldsമെഗാ ‘അർദ സൗദിയ’ നാടോടിനൃത്തപരിപാടിയിൽനിന്ന്, ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് അധികൃതർ ഏറ്റുവാങ്ങൂന്നു
റിയാദ്: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് റോയൽ കമീഷൻ ഒരുക്കിയ ‘അർദ സൗദിയ’ പരമ്പരാഗത നാടോടിനൃത്തം ശ്രദ്ധേയമായി. റിയാദിലെ അൽഹുക്കും പാലസ് ഏരിയയിലെ അൽ അദ്ൽ സ്ക്വയറിലാണ് പരിപാടി അരങ്ങേറിയത്. ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറിന്റെ മേൽനോട്ടാത്തിലായിരുന്നു മെഗാ ഡാൻസ് പരിപാടി.
റിയാദ് ഡെപ്യൂട്ടി അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, കിങ് ഫൈസൽ സെന്റർ ഫോർ റിസർച്ച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി അൽ ഫൈസൽ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി. സ്ഥാപകദിനം ആഘോഷിക്കുന്നത് അനിവാര്യമാണെന്ന് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ പറഞ്ഞു. ഇന്നത്തെ തലമുറക്ക് അവരുടെ പൂർവികരുടെ ജീവിതവും ചരിത്രവും അറിയണം.
ഈ അവസരത്തിൽ രാജ്യത്തെ ആഗ്രഹിച്ച നിലയിലേക്ക് കൊണ്ടുവരാൻ ധാരാളം മാർഗനിർദേശങ്ങളും പിന്തുണയും നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദനം നേരുന്നുവെന്നും ഗവർണർ പറഞ്ഞു.
നാലു ദിവസങ്ങളിലായി റോയൽ കമീഷൻ സംഘടിപ്പിച്ച സ്ഥാപകദിനാഘോഷങ്ങളിൽ വിവിധ പരിപാടികൾ അരങ്ങേറിയത്. ദൃശ്യക്കാഴ്ചകളിലൂടെയും ചരിത്ര രേഖകളിലൂടെയും സൗദിയുടെ ചരിത്രം കണ്ടറിയാൻ ധാരാളം സന്ദർശകരാണ് എത്തിയത്.
പരിപാടിക്ക് ഗിന്നസ് റെക്കോഡ്
റിയാദ്: സൗദി സ്ഥാപകദിന വാർഷികത്തിൽ റിയാദ് സിറ്റി റോയൽ കമീഷൻ ഒരുക്കിയ ‘അർദ സൗദിയ’ നാടോടി നൃത്തത്തിന് ഗിന്നസ് റെക്കോഡ്. 633 കലാകാരന്മാർ പങ്കെടുത്ത ഏറ്റവും വലിയ സൗദി നൃത്തപരിപാടി എന്ന നിലയിലാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് നേടിയതാണ്.
ദേശീയ സ്വത്വത്തിലുള്ള അഭിമാനം, ജനകീയ പൈതൃകത്തോടുള്ള താൽപര്യം, ആഗോളതലത്തിൽ അതിനെ ഉയർത്തിക്കാട്ടൽ എന്നിവയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു റോയൽ കമീഷൻ ഒരുക്കിയ ഈ അർദ സൗദിയ ഡാൻസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.