ചരിത്രമെഴുതി സൗദി കരസേന മേധാവിയുടെ ഇന്ത്യാ സന്ദർശനം
text_fieldsദമ്മാം: ചരിത്രം കുറിച്ച് റോയൽ സൗദി കരസേന മേധാവി ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ-മുതൈർ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. ഒരു സൗദി കരസേന മേധാവിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇരുരാജ്യങ്ങൾക്കുമിടയിൽ വളരുന്ന ഉഭയകക്ഷി പ്രതിരോധബന്ധത്തിന്റെ തെളിവുകൂടിയാണ് ചരിത്രപരമായ ഈ സന്ദർശനം. ചൊവ്വാഴ്ച രാവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ സൗത്ത് ബ്ലോക്ക് പുൽത്തകിടിയിൽ സൗദി സൈനിക മേധാവിയെ ഇന്ത്യൻ കരസേന മേധാവി ജനറൽ എം.എം. നരവനെ സ്വീകരിച്ചു. തുടർന്ന് രാജ്യത്തിന്റെ കീഴ് വഴക്കമനുസരിച്ച് അതിഥിക്ക് പരമ്പരാഗത ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സൈനിക സഹകരണ സാധ്യതകളും നിലവിലെ സ്ഥിതിയും ഇരുവരുടെയും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഇന്ത്യൻ സായുധസേനയുടെ വിവിധ ഘടകങ്ങളുമായി അൽമുതൈർ കൂടിക്കാഴ്ചകൾ നടത്തും.
ഇരു കരസേനാ മേധാവികളും തമ്മിലുള്ള വ്യക്തിബന്ധം സന്ദർശനം കൂടുതൽ ഊഷ്മളവുമാക്കുമെന്നാണ് വിലയിരുത്തൽ. 2020 ഡിസംബറിൽ ഇന്ത്യൻ കരസസേനാ മേധാവിയുടെ സൗദി സന്ദർശനത്തിനു ശേഷമുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ, ഉഭയകക്ഷി ബന്ധങ്ങളുടെ പരസ്പരം സമ്മതിച്ച റോഡ്മാപ്പിന്റെ പുരോഗതി വിലയിരുത്താൻ ഇരു കരസേനാ മേധാവികളും പതിവായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. 2021 ആഗസ്റ്റിൽ സൗദിയുടെ കിഴക്കൻ തീരമായ ജുബൈലിൽ നടത്തിയ ഉന്നതതല ആശയവിനിമയങ്ങളുടെയും ആദ്യ ഉഭയകക്ഷി നാവിക അഭ്യാസമായ 'അൽ മൊഹെദ്-അൽ ഹിന്ദി'യിലൂടെയും കഴിഞ്ഞവർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധത്തിൽ ശ്രദ്ധേയമായ വളർച്ചയാണുണ്ടായത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും യാത്രാനിയന്ത്രണങ്ങൾക്കിടയിലും സൗദി റോയൽ സായുധസേനയിലെയും ഇന്ത്യൻ സായുധ സേനയിലെയും ഉദ്യോഗസ്ഥർ ഇരു രാജ്യങ്ങളിലെയും വിവിധ സൈനിക സ്ഥാപനങ്ങളിൽ നടന്ന പരിശീലന പരിപാടികളിൽ പങ്കെടുത്തിരുന്നു.
ഈ വർഷം കൂടുതൽ സഹകരണങ്ങളും പരിശീലന പ്രവർത്തനങ്ങളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റലിജൻസ് വിവരങ്ങളുടെ കൈമാറ്റം, ഭീകരവിരുദ്ധ നടപടികൾ, നിർമിതബുദ്ധി, സൈബർ സുരക്ഷ തുടങ്ങിയ പുതിയ മേഖലകളിൽ കൂടുതൽ സഹകരണ സാധ്യതകളുള്ളതായാണ് ഇരുകൂട്ടരുടെയും കണ്ടെത്തൽ. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ നടത്തുന്ന ആദ്യത്തെ കരസേന അഭ്യാസവും ഇരു മേധാവികളും തമ്മിലുള്ള ചർച്ചകളിലെ അജണ്ടയിലുൾപ്പെടും. 2022ൽ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, പ്രതിരോധ സഹകരണം ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ലായി കണക്കാക്കപ്പെടും. 2014ൽ അന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായിരുന്ന സൽമാൻ രാജാവ് പ്രതിരോധരംഗത്തെ സഹകരണ കരാർ ഒപ്പിട്ട് സഹകരണം ശക്തമാക്കുകയായിരുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മാർഗനിർദേശങ്ങൾക്ക് വിധേയമായി സൗദി ഇന്ത്യയുമായി പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.