സൗദിയിൽ ഒരാഴ്ചക്കിടെ 14,470 വിദേശികൾ പിടിയിൽ
text_fieldsജിദ്ദ: സൗദിയിൽ താമസ (ഇഖാമ), തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തരമന്ത്രാലയം കർശന നടപടി തുടരുകയാണ്. ഈമാസം മൂന്നുമുതൽ ഒമ്പതുവരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് 14,470 പേരെയാണ് പിടികൂടിയത്. അറസ്റ്റിലായവരിൽ 7,708 താമസ നിയമലംഘകരും 4,971 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 1,791ലേറെ തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 168 പേർ അറസ്റ്റിലായി. ഇവരിൽ 31 ശതമാനം യമൻ പൗരന്മാരും 65 ശതമാനം ഇത്യോപ്യക്കാരും നാലുശതമാനം മറ്റു രാജ്യക്കാരുമാണ്. 168 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി.
നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 13 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 99,499 ലെത്തി. ഇവരിൽ 88,177 പേർ പുരുഷന്മാരും 11,322 പേർ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 87,424 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫിസുകളിലേക്ക് റഫർ ചെയ്തു. 6,935 പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,564 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണ്. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.