ജി20 യോഗത്തിൽ ആവശ്യമുന്നയിച്ച് സൗദി; ഗസ്സയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കണം
text_fieldsറിയാദ്: ഗസ്സയിലെ മാനുഷിക ദുരന്തത്തിന് അറുതി വരുത്തണമെന്ന് സൗദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ബ്രസീലിയൻ നഗരമായ റിയോ ഡെ ജനീറോയിൽ ‘നിലവിലെ അന്താരാഷ്ട്ര സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജി20 യുടെ പങ്ക്’ എന്ന തലക്കെട്ടിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവേയാണ് സൗദി അറേബ്യ ആവശ്യം ശക്തമായി ഉന്നയിച്ചത്. ആഗോള സംഘർഷങ്ങളുടെ വർധിച്ചുവരുന്ന തീവ്രതയും വ്യാപനവും അന്താരാഷ്ട്ര സഹകരണത്തിന്മേൽ സമ്മർദം ചെലുത്തുന്നതിലേക്കും ബഹുമുഖ ചട്ടക്കൂടിലുള്ള വിശ്വാസ്യതയും വിശ്വാസവും ദുർബലപ്പെടുത്തുന്നതിലേക്കും നയിച്ചതായി വിദേശകാര്യമന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ തങ്ങളുടെ കടമകൾ നിറവേറ്റുന്നതിനുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പ്രതിബദ്ധതയുടെ പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു. നിലപാടുകളിൽ പ്രത്യേകിച്ച് ഗസ്സയിലെ ദാരുണ സാഹചര്യം കൈകാര്യം ചെയ്യുമ്പോൾ ഇപ്പോഴുള്ളതിലും കൂടുതൽ വ്യക്തതയുണ്ടാകണം. പ്രാദേശിക സമാധാനത്തിനും സമൃദ്ധിക്കും ആഗോള സാമ്പത്തിക സ്ഥിരതക്കും അടിയന്തര ഭീഷണി ഉയർത്തുന്ന ഗസ്സയിലെ ദുരന്തം അവസാനിപ്പിക്കാൻ നിർണായകമായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം ജി20 രാജ്യങ്ങൾക്ക് ഉണ്ടെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു.
ഗസ്സയിലെ അതിക്രമങ്ങളെ അപലപിക്കേണ്ടതുണ്ട്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള വിശ്വസനീയ പാതയെ പിന്തുണക്കാൻ അർഥവത്തായ നടപടികൾ കൈക്കൊള്ളാൻ ജി20 രാജ്യങ്ങളോട് വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തു. ബ്രസീലിലെ സൗദി അംബാസഡർ ഡോ. ഫൈസൽ ഗുലാം, ജി20 യിലെ സൗദി പ്രതിനിധി അബ്ദുൽ മുഹ്സിൻ അൽ ഖലഫ്, വിദേശകാര്യ മന്ത്രിയുടെ ഓഫിസ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ വാലിദ് അൽഇസ്മാഈൽ എന്നിവർ സന്നിഹിതരായിരുന്നു.
അതേസമയം, റഫയിൽ ഇസ്രായേൽ നടത്തുന്ന ഏതൊരു ഓപറേഷനും ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാനുള്ള ശ്രമങ്ങളെയും ശക്തമായി നിരസിക്കുന്നുവെന്ന് സൗദി-ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. ബ്രസീലിയൻ നഗരമായ റിയോ ഡെ ജനീറോയിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇൗജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയും ഇക്കാര്യം വ്യക്തമാക്കിയത്.
റഫ നഗരത്തിന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കകൾക്കിടെയാണ് ഇരുമന്ത്രിമാരും ബ്രസീലിൽ കൂടിക്കാഴ്ച നടത്തിയത്. ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തിലെ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഗസ്സയിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ സൗദി വിദേശകാര്യ മന്ത്രിയുമായി സാമിഹ് ശുക്രി ചർച്ച ചെയ്തതായി ഇൗജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.